ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തി ഭാഷാതിർത്തികൾ കടന്ന് പ്രേക്ഷകഹൃദയം കവർന്ന നടനാണ് വിനീത്.
ലെജൻഡറി സംവിധായകൻ ഹരിഹരന്റെ കൈപിടിച്ചാണ് വിനീത് അഭിനയരംഗത്തേക്ക് വരുന്നത്. നഖക്ഷതങ്ങൾ, സർഗം, കമലദളം, അമൃതം ഗമയ തുടങ്ങി മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കരിയറിന്റെ തുടക്കത്തിൽ തന്നെ താരത്തിന് സാധിച്ചു.
തന്റെ കരിയറിലും സിനിമകളുടെ തിരഞ്ഞെടുപ്പിലും ഗുരുവും സംവിധായകനുമായ ഹരിഹരൻ നൽകിയ ഉപദേശങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് വിനീത് ഇപ്പോൾ.
സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വരുന്ന പാളിച്ചകളെക്കുറിച്ച് ഹരിഹരൻ സാർ തുറന്നുപറയുമായിരുന്നു എന്നും തന്റെ മേലുള്ള സ്നേഹവും കരുതലുമാണ് അതിന് പിന്നിലെന്നും വിനീത് പറയുന്നു.
മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഗുരുവിനൊപ്പമുള്ള ഓർമകൾ പങ്കുവെച്ചത്.
‘സ്വന്തം വാല്യു സ്വയം തിരിച്ചറിയണം’
ഹരിഹരൻ സാറിൽ നിന്ന് നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ച് വിനീത് പറഞ്ഞത്: “കോളേജിലെ അവധിക്കാലത്ത് ഞാൻ ഒരു സിനിമയിൽ അഭിനയിച്ചു.
പറയത്തക്ക വലിയ പ്രാധാന്യമൊന്നുമില്ലാത്ത റോളായിരുന്നു അത്. കുറച്ചുനാൾ കഴിഞ്ഞ് ഹരൻ സാറിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, ‘ഈയിടയ്ക്ക് ഒന്നര സീൻ മാത്രമുള്ള ഒരു പടത്തിൽ കണ്ടല്ലോ, എന്താ അരി വാങ്ങാൻ കാശില്ലാത്തതുകൊണ്ടാണോ അത് ചെയ്തത്?’ എന്നായിരുന്നു ആ ചോദ്യം.”
തന്റെ വാല്യു എന്താണെന്ന് സ്വയം തിരിച്ചറിയണമെന്നാണ് ഹരിഹരൻ സാർ ഉപദേശിച്ചതെന്ന് വിനീത് വ്യക്തമാക്കി.
“നമ്മുടെ മേലുള്ള കരുതൽ കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ക്ഷമയോടെ കാത്തിരുന്നാൽ നല്ല കഥാപാത്രങ്ങൾ തേടിയെത്തും. ചെയ്യുന്ന സിനിമകളിൽ ക്വാളിറ്റി ഉണ്ടാകണം.
ചറപറാന്ന് പറഞ്ഞ് കുറെ പടങ്ങൾ ചെയ്യരുത്, എന്നാൽ മാത്രമേ പ്രേക്ഷകരുടെ മനസ്സിൽ നമ്മൾ നിൽക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
ചിലരോടുള്ള കടപ്പാട് കൊണ്ടും ഒന്നുമറിയാതെയും ചില സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിൽ ചിലതൊക്കെ നന്നായി വന്നിട്ടുമുണ്ട്.”
പുതിയ ചിത്രം ‘ഭൗമ’ റിലീസിന് ഒരുങ്ങുന്നു
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വിനീതിന്റെ ഏറ്റവും പുതിയ ചിത്രം ‘ഭൗമ’ റിലീസിന് തയ്യാറെടുക്കുകയാണ്.
നവാഗതനായ റെജിൻ എസ്. ബാബുവാണ് സംവിധാനം. മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൻ്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദിലീഷ് പോത്തൻ, സാഗർ സൂര്യ, അദിതി ബാലൻ, മണിക്കുട്ടൻ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് സിനിമയിലെ കാസ്റ്റ്.


