2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ മുഹമ്മദ് സിറാജിനെക്കാൾ മുൻതൂക്കം അർഷ്ദീപ് സിങ്ങിനാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
“അർഷ്ദീപിനേയും സിറാജിനെയും താരതമ്യം ചെയ്താൽ ഞാൻ അർഷ്ദീപിനായിരിക്കും മുൻഗണന നൽകുക. ടീമിൽ ഒരു ഇടംകയ്യൻ ബൗളർ ഉണ്ടെങ്കിൽ എപ്പോഴും നല്ലതാണ്. കൂടാതെ പന്ത് ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഉണ്ട് അദ്ദേഹത്തിനുണ്ട്. സിറാജിനും ഈ കഴിവുണ്ട്. അടുത്ത മത്സരത്തിൽ അവസരം ലഭിച്ചാൽ അദ്ദേഹം എങ്ങനെ കളിക്കുമെന്ന് കാണാൻ ആകാംക്ഷയുണ്ട്. സിറാജ് നല്ല പരിചയസമ്പത്തുള്ള ബൗളറാണ്.
ലഭിക്കുന്ന അവസരം നന്നായി ഉപയോഗിച്ച് സെലക്ടർമാരെ ആശയക്കുഴപ്പത്തലാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ കരുതുന്നു. പുതിയ പന്തിൽ സിറാജ് മികച്ച രീതിയിൽ പന്തറിയാറുണ്ട്. എന്നാൽ പഴയ പന്തിൽ എത്രത്തോളം മികച്ച പ്രകടനം നടത്താൻ കഴിയും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
തന്റെ അനുഭവ സമ്പത്ത് ഉപയോഗിച്ചുകൊണ്ട് ഈ ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹത്തിന് അവസരം ഉണ്ട്. നിലവിൽ അർഷ്ദീപും സിറാജും തമ്മിലാണ് മത്സരം. എങ്കിലും അർഷദീപിനാണ് നേരിയ മുൻതൂക്കം” ഇർഫാൻ പത്താൻ ക്രിക് ഇൻഫോയിലൂടെ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി 51 ഏകദിന മത്സരങ്ങളിൽ നിന്നും 77 വിക്കറ്റുകൾ ആണ് സിറാജ് നേടിയിട്ടുള്ളത്. മറുഭാഗത്ത് 21 ഏകദിനത്തിൽ നിന്നും 34 വിക്കറ്റുകളും അർഷ്ദീപിന്റെ പേരിലുണ്ട്.


