കൊച്ചി: സോഷ്യൽ മീഡിയയിൽ റീച്ചിനും ലൈക്കുകൾക്കും വേണ്ടി യാതൊരു അടിസ്ഥാനവുമില്ലാത്ത അസംബന്ധ ക്യാപ്ഷനുകൾ നൽകുന്ന പേജുകളുടെ രീതിക്കെതിരെ പരസ്യമായി പ്രതികരിച്ച് നടൻ അർജുൻ അശോകൻ.
കഴിഞ്ഞ ദിവസം നടന്ന തന്റെ പുതിയ ചിത്രത്തിന്റെ പരിപാടിക്കിടെയുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ഇൻസ്റ്റാഗ്രാം പേജ് നൽകിയ വിചിത്രമായ അടിക്കുറിപ്പിലാണ് താരം രൂക്ഷമായ കമന്റുമായി എത്തിയത്. സംഭവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
അർജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രം ‘മെൽക്കോ’യുടെ (Melkov) ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുത്ത അർജുൻ അശോകന്റെ ഒരു വീഡിയോ ‘ഇന്ത്യൻ സിനിമ ഗ്യാലറി’ എന്ന പേജിൽ പങ്കുവെച്ചിരുന്നു.
എന്നാൽ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനാണ് താരത്തെ ചൊടിപ്പിച്ചത്. ‘മൂന്ന് ലക്ഷം രൂപയുടെ ഐഫോൺ നിലത്തേക്ക് വീണിട്ടും ആരും അറിയാതെ പതിയെ എടുത്ത് കയ്യിൽ പിടിക്കുന്ന അശോകൻ’ എന്നായിരുന്നു ആ പേജ് നൽകിയ അസംബന്ധ അടിക്കുറിപ്പ്.
നടന്റെ മറുപടിയും ട്രോളുകളും
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടയുടൻ അർജുൻ അശോകൻ കമന്റ് ബോക്സിൽ തന്റെ അതൃപ്തി തുറന്നുകാട്ടിക്കൊണ്ട് എത്തി. ”എന്തൊക്കെ ക്യാപ്ഷനാടെ…. ഇത്തിരി ഉളുപ്പ്?” എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അർജുൻ അശോകൻ നേരിട്ട് കമന്റുമായെത്തിയതോടെ പോസ്റ്റ് കൂടുതൽ വൈറലായി. നിരവധി ആരാധകരും ട്രോളന്മാരുമാണ് പേജിന്റെ മണ്ടൻ ക്യാപ്ഷനെ പരിഹസിച്ച് രംഗത്തെത്തിയത്. ”ഇവന്മാർക്ക് വയ്യ, ആരും കണ്ടില്ല.
നിങ്ങൾ ലോകം മുഴുവൻ അറിയിച്ചല്ലോ”, ”ഫോൺ നിലത്തേക്ക് അല്ലേ വീണത്, അല്ലാതെ കിണറ്റിലേക്കൊന്നും അല്ലാലോ”, ”ഇനി അതെടുക്കാൻ ഫയർ ഫോഴ്സ് വരണോ?” എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
സോഷ്യൽ മീഡിയയിലെ വ്യാജ റീച്ച് സംസ്കാരത്തിനെതിരെയുള്ള താരങ്ങളുടെ പ്രതികരണങ്ങളെ കൈയടിയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.


