കൊച്ചി: പച്ചക്കറികളുടെ മുഴുവൻ പോഷകഗുണങ്ങളും ലഭിക്കാൻ അവ പാകം ചെയ്യാതെ കഴിക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ, എല്ലാ പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത പ്രധാനപ്പെട്ട മൂന്ന് പച്ചക്കറികൾ ഏൊക്കെയെന്ന് നോക്കാം.
- പച്ച ചീര
വീട്ടുമുറ്റത്തുണ്ടാകുന്ന ചീരയായതുകൊണ്ട് തന്നെ ഇതിനെ ഭയക്കേണ്ട കാര്യമില്ലെന്നാണ് പലരുടെയും ധാരണ. ആരോഗ്യകരമായ സാലഡുകളിലെ സ്ഥിര സാന്നിധ്യവുമാണ് പച്ച ചീര. എന്നാൽ, പാകം ചെയ്യാത്ത ചീരയിൽ ഓക്സലേറ്റുകളുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.
മാത്രമല്ല, ചീരയിൽ ഇ-കോളി പോലുള്ള മാരക ബാക്ടീരിയകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. എത്ര വെള്ളത്തിൽ കഴുകിയാലും ഇവ പൂർണ്ണമായും ഒഴിവാകണമെന്നില്ല. ഇത് ഗുരുതരമായ വയറുറപ്പുകളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതുകൊണ്ട് ചീര പാകം ചെയ്യാതെ കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
- കാബേജ്
സാലഡുകളിലെ മറ്റൊരു പ്രധാന ചേരുവയാണ് കാബേജ്. കാരറ്റിനും കുക്കുമ്പറിനുമൊപ്പം കാബേജ് നീളത്തിൽ അരിഞ്ഞു ചേർത്ത് കഴിക്കുന്ന ശീലം പലർക്കുമുണ്ട്. കാബേജിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും, ഇവയിൽ മാരകമായ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കാബേജിൽ പൊതുവായി കണ്ടുവരുന്ന ടേപ്പ് വേം ലാർവകൾ നമ്മുടെ ദഹനനാളത്തിലൂടെ രക്തത്തിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്താൻ സാധ്യതയുണ്ട്. ഇത് ‘ന്യൂറോസിസ്റ്റെർകോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാം. ഇത് അപസ്മാരത്തിനും മറ്റ് നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം. അതേസമയം, പച്ചക്കറി പാകം ചെയ്യുമ്പോൾ ലഭിക്കുന്ന ചൂട് അതിലടങ്ങിയ മാരക രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കും.
- വഴുതനങ്ങ
രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വഴുതനങ്ങയും ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിൽ അപകടകാരിയാണ്. വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ‘സോളനൈൻ’ (Solanine) എന്ന വിഷവസ്തു, ഇവ പാകം ചെയ്യാതെ കഴിച്ചാൽ ഛർദ്ദി, ഓക്കാനം, വയറിളക്കം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാം. എന്നാൽ വഴുതനങ്ങ നന്നായി പാകം ചെയ്യുന്നതിലൂടെ സോളനൈൻ എന്ന ഘടകം പൂർണ്ണമായും ഇല്ലാതാകുന്നു.


