ഇന്ത്യൻ ഏകദിന ടീമിലെ കെ.എൽ രാഹുലിന്റെ പ്രാധാന്യത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. മത്സരം സമ്മർദ്ദത്തിലാകുമ്പോൾ വിരാട് കോലിയും രാഹുലും മാത്രമാണ് ഉത്തരവാദിത്തത്തോടെ കളിക്കുന്നതെന്നും ന്യൂസിലാൻഡിനെതിരെയുള്ള ഏകദിനത്തിൽ രാഹുൽ നേരത്തെ പുറത്തായിരുന്നെങ്കിൽ ഇന്ത്യ പരാജയപ്പെടുമായിരുന്നുവെന്നും ക്രിസ് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

“രണ്ടാം ഏകദിനത്തിൽ ആത്മവിശ്വാസത്തോടെ കളിച്ച ഒരേയൊരു താരം അദ്ദേഹമായിരുന്നു കളി ബുദ്ധിമുട്ടിൽ ആകുമ്പോൾ വിരാട് കോലിയും രാഹുലും മാത്രമാണ് ഉത്തരവാദിത്തത്തോടെ കളിക്കുന്നത് കഴിഞ്ഞ മത്സരത്തിൽ രാഹുൽ നേരത്തെ പുറത്തായിരുന്നെങ്കിൽ ഇന്ത്യയുടെ തോൽവി ഉറപ്പാകുമായിരുന്നു.
എന്നാൽ അക്സർ പട്ടേലിന് ശേഷം രാഹുലിനെ ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ അയക്കുന്നത് എന്തിനാണ്? അക്സർ പട്ടേലിനെ രാഹുലിന് മുന്നിൽ ബാറ്റ് ചെയ്യാൻ അയക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാൻ കഴിയും? രാഹുൽ ഇന്ത്യയുടെ പ്രധാനപ്പെട്ട താരമാണെന്ന് ഗൗതം ഗംഭീർ മനസ്സിലാക്കണം. മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്ത് അദ്ദേഹം ഇന്ത്യക്ക് വേണ്ടി സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ താഴെയുള്ള സ്ഥാനത്ത് കളിപ്പിക്കുന്നത് ശരിയായ കാര്യമല്ല. ഇത് അദ്ദേഹത്തോട് ചെയ്യുന്ന വലിയ അനീതിയാണ്” ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.


