പോർച്ചുഗൽ ദേശീയ ടീമിൽ ഇടം നേടി റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയർ. പോർച്ചുഗൽ അണ്ടർ 17 ഫുട്ബോൾ ടീമിലാണ് റൊണാൾഡോ ജൂനിയർ ഇടം നേടിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കുള്ള പോർച്ചുഗീസ് ടീമിലാണ് താരത്തിന് സ്ഥാനം ലഭിച്ചത്.
സൗദി ക്ലബ്ബായ അൽ നസറിന്റെ യൂത്ത് ടീമിലാണ് റൊണാൾഡോ ജൂനിയർ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞവർഷം പോർച്ചുഗലിനു വേണ്ടി അരങ്ങേറ്റം കുറിച്ച റൊണാൾഡോ ജൂനിയർ അണ്ടർ 15, അണ്ടർ 16 വിഭാഗങ്ങളിലായി പോർച്ചുഗലിനായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
നവംബർ 11ന് അൻഡോറക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. പിന്നീട് നവംബർ 14ന് ബൾഗേറിയക്കെതിരെയും നവംബർ 17ന് സെർബിയക്കെതിരെയും പോർച്ചുഗൽ കളിക്കും.
ഇതിനോടകം തന്നെ മികച്ച പ്രകടനം നടത്തി റൊണാൾഡോ ജൂനിയറിന് ഫുട്ബോൾ ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ പോർച്ചുഗലിനൊപ്പം പുതിയ അധ്യായത്തിന് കൂടി താരം തുടക്കമിടുമ്പോൾ റൊണാൾഡോയുടെ വഴിയെ ചരിത്രമെഴുതാൻ മകന് സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.


