ന്യൂസിലാൻഡിനെതിരെയുള്ള നാലാം ടി-20യിൽ യുവതാരം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടീമിലെ ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രമേ വൈഭവിന് അവസരം ലഭിക്കുകയുള്ളൂവെന്നാണ് ആകാശ് ചോപ്ര ചോദിച്ചത്.
”കഴിഞ്ഞ മത്സരത്തിൽ അഭിഷേക് 100 റൺസ് നേടി. വൈഭവ് 50 റൻസിനുള്ളിൽ പുറത്തായി. എങ്കിലും ഇരുവരുടെയും ബാറ്റിംഗ് മികച്ചതായിരുന്നു. ഇതിന് ശേഷം ഇഷാൻ ഫിറ്റ്നസ് വീണ്ടെടുത്താൽ ഇവരിൽ ആരെ ഒഴിവാക്കുമെന്ന ചോദ്യം ഉയർന്നു. കാര്യങ്ങൾ ശരിയായി നോക്കുകയാണെങ്കിൽ ഇഷാന് പകരം ടീമിൽ എത്തിയ വൈഭവ് സൂര്യവംശിയെയാണ് ഒഴിവാക്കേണ്ടത്. എന്നാൽ ആ മത്സരം അത്ര പ്രധാനപ്പെട്ടതായിരുന്നില്ല. വൈഭവിനെ ഒഴിവാക്കാനുള്ള തീരുമാനം മറ്റൊരു ചോദ്യം ഉയർത്തുന്നു.
ടീമിലെ മറ്റൊരാൾക്ക് പരിക്കേറ്റാൽ മാത്രമാണോ വൈഭവിന് അവസരം ലഭിക്കുക? അതോ ആരെങ്കിലും ടീമിൽ ഇല്ലാത്തപ്പോൾ മാത്രമാണോ അദ്ദേഹത്തെ ടീമിൽ പരിഗണിക്കുക? അങ്ങനെ ആണെങ്കിൽ വൈഭവിനെ ടീമിൽ നിർത്തുന്നതിൽ അർത്ഥമില്ല. അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുന്നതാണ് നല്ലത്. ഇന്ത്യൻ ടീമിനൊപ്പം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് സാധിക്കും.
എന്നാൽ ദീർഘകാലം കളിക്കാതെ ഇരിക്കുന്നത് ശരിയല്ല. ഇതിന് പകരം അദ്ദേഹത്തോട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിയ്ക്കാൻ പറയണം. കൂടുതൽ മത്സരങ്ങൾ കളിച്ചുകൊണ്ട് ബാറ്റിംഗിൽ അനുഭവസമ്പത്ത് നേടാൻ അദ്ദേഹത്തിന് അവസരം നൽകണം” ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ നാലാം ടി-20യിൽ ഇന്ത്യ 87 റൺസിനായിരുന്നു പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.


