ഇന്ത്യക്കെതിരെയുള്ള നാലാം ടി-20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്സിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഈ പരമ്പരയിൽ ഫിലിപ്സ് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്നാണ് പത്താൻ പ്രശംസിച്ചത്. ഇന്ത്യൻ ടീമിന് ഫിലിപ്സിനെ പുറത്താക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇർഫാൻ പത്താൻ പറഞ്ഞു.
”മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടാൻ പോവുന്ന ഗ്ലെൻ ഫിലിപ്സ് നേരത്തെ അർധ സെഞ്ചുറിയും ഇപ്പോൾ സെഞ്ചുറിയും നേടി മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തെ പുറത്താക്കാൻ ഇന്ത്യൻ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. ബാക്ക് ഫൂട്ടിൽ കളിക്കുന്ന രീതിയും സ്പിന്നിനെ നേരിടുന്ന മികവും ഏറെ ശ്രദ്ധേയമാണ്. ഈ പരമ്പരയിൽ ന്യൂസിലാൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്സ് നൽകിയ സംഭാവനകൾ വളരെ വലുതാണ്” ഇർഫാൻ പത്താൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മൈക്കൽ ബ്രേസ്വെല്ലിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. 49 പന്തിൽ 10 സിക്സും 6 ഫോറും സഹിതം 107 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ടി-20യിലെ മൂന്നാം സെഞ്ചുറിയാണ് താരം ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.
മൈക്കൽ ബ്രേസ്വെൽ 25 പന്തിൽ 65 റൺസാണ് നേടി ടീമിന് വലിയ ടോട്ടൽ നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. 4 ഫോറുകളും 6 സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇന്ത്യയെ 87 റൺസിനാണ് ന്യൂസിലാൻഡ് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.


