ഇന്ത്യൻ താരം നമൻ ധീറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഒറ്റക്ക് മത്സരങ്ങൾ വിജയിപ്പിക്കാനുള്ള കഴിവുള്ള താരമെന്നാണ് നമൻ ധീറിനെ റായിഡു വിശേഷിപ്പിച്ചത്. ടി-20യിലും ഏകദിനത്തിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ നമൻ ധീറിന് സാധിക്കുമെന്നും റായിഡു വ്യക്തമാക്കി.
‘സ്പിന്നിനെയും പേസിനെയും നേരിടാൻ നമൻ ധീറിന് നല്ല കഴിവുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇന്റർനാഷണൽ ക്രിക്കറ്റിലേക്ക് എത്തുന്ന പല യുവതാരങ്ങൾക്കും ഈ മികവ് കാണാറില്ല. സ്വന്തം കഴിവ് കൊണ്ട് മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. മികച്ച രീതിയിൽ പന്തെറിയാനും അദ്ദേഹത്തിന് കഴിയും. ടി-20യിൽ മാത്രമല്ല അദ്ദേഹം ഏകദിനത്തിലും സ്ഥിരതയാർന്ന പ്രകടനം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു” അമ്പാട്ടി റായിഡു ക്രിക് ബസിലൂടെ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് താരം ശ്രദ്ധേയമായ പ്രകടനം നടത്തിയത്. നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസാണ് അടിച്ചെടുത്തത്.
നമൻ ധീറിന്റെ വെടിക്കെട്ടിൽ 17 വർഷം പഴക്കമുള്ള ഒരു റെക്കോർഡാണ് തകർന്നത്. ടി-20യിൽ ചെയ്സിങ്ങിൽ ഏഴോ അതിന് താഴെയോ സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തഗത സ്കോറിന്റെ ഉടമയാണ് നമൻ ധീർ മാറിയത്. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെയാണ് താരം മറികടന്നത്. 2009ൽ ശ്രീലങ്കക്കെതിരെ 33 റൺസായിരുന്നു ഇർഫാൻ പത്താൻ നേടിയിരുന്നത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ നാലാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. നാലാം ടി-20യിൽ ഇന്ത്യ 87 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.


