ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പേസർ ഔഖിബ് നബിയെ ഉൾപ്പെടുത്തി. പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായാണ് ജമ്മു കശ്മീർ പേസർ ഔഖിബ് നബി ടീമിൽ ഇടം നേടിയത്.
ഹാംസ്ട്രിംഗ് പരിക്കിൽ നിന്നും ഇതുവരെ മുക്തനാവാത്തതിനാൽ പ്രസിദ്ധ് കൃഷ്ണ ഏകദിന പരമ്പരയിൽ നിന്നും പുറത്താവുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലാണ് താരത്തിന് പരിക്ക് പറ്റിയത്.
ന്യൂസിലാൻഡിനെതിരെയുള്ള നാലാമത്തെയും അഞ്ചാമത്തേയും ഏകദിന മത്സരങ്ങളുടെ ടീമിൽ ഔഖിബ് നബി ഇടം നേടിയിരുന്നു. ഇപ്പോൾ താരത്തിന് ഈ പരമ്പര മുഴുവനും കളിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ആണ് നബി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് താരം കളത്തിൽ ഇറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ താരം നിരാശപ്പെടുത്തിയ പ്രകടനമാണ് നടത്തിയത്. വിക്കറ്റ് ഒന്നും നേടാതെ 84 റൺസായിരുന്നു താരം വിട്ടുനൽകിയത്. ഇപ്പോൾ ന്യൂസിലാൻഡിനെതിരെ വമ്പൻ തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് നബിയുടെ മുന്നിലുള്ളത്.
നിലവിൽ ഇന്ത്യ-ന്യൂസിലാൻഡ് ടി-20 പരമ്പരയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രേയസ് അയ്യരും സംഘവും പരമ്പര സ്വന്തമാക്കി. എന്നാൽ നാലാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു.
നാലാം ടി-20യിൽ ഇന്ത്യ 87 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.


