ന്യൂസിലൻഡിനെതിരായ ടി-20 പരമ്പര ഇതിനോടകം സ്വന്തമാക്കിയ ഇന്ത്യ, വിജയക്കുതുപ്പ് തുടരുമ്പോൾ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ഒരു ലോക റെക്കോർഡാണ്. ഓക്ലാൻഡിലെ ഐതിഹാസികമായ ഈഡൻ പാർക്കിൽ നടക്കുന്ന നാലാം ടി-20 മത്സരത്തിൽ നാല് സിക്സുകൾ കൂടി നേടിയാൽ സഞ്ജുവിന് അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ പുതിയൊരു ചരിത്രം കുറിക്കാം.
ചരിത്രനേട്ടത്തിന്റെ വഴിയിൽ സഞ്ജു
ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ 50 സിക്സറുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നേട്ടമാണ് സഞ്ജു സാംസൺ ലക്ഷ്യമിടുന്നത്.
നിലവിൽ 2026 വർഷത്തിൽ താരം 46 സിക്സറുകൾ സ്വന്തമാക്കി പട്ടികയിൽ മുന്നിലാണ്. ഈ പരമ്പരയിൽ ഈ ചരിത്ര നേട്ടത്തിലെത്താൻ സഞ്ജുവിന് ആകെ ഒമ്പത് സിക്സറുകളായിരുന്നു വേണ്ടിയിരുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് കൂറ്റൻ സിക്സറുകൾ പറത്തി മികച്ച തുടക്കം നൽകിയെങ്കിലും, തുടർന്ന് നടന്ന മത്സരങ്ങളിൽ വലിയ സ്കോർ കണ്ടെത്താൻ താരത്തിനായില്ല.
രണ്ടാം മത്സരത്തിൽ 17 പന്തിൽ 14 റൺസ് നേടിയ താരം ഒരു സിക്സർ മാത്രമാണ് നേടിയത്. മൂന്നാം മത്സരത്തിൽ വൺ ഡൗണായി ക്രീസിലെത്തിയെങ്കിലും ഒറ്റ സിക്സർ പോലും നേടാനാകാതെ പുറത്തായി. എങ്കിലും, ബാക്കിയുള്ള മത്സരങ്ങളിൽ നാല് സിക്സറുകൾ കൂടി നേടിയാൽ സഞ്ജുവിന് ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാം.
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ടി-20 സിക്സറുകൾ നേടിയ വിക്കറ്റ് കീപ്പർമാർ:
താരം ടീം സിക്സറുകൾ വർഷം
സഞ്ജു സാംസണ് – ഇന്ത്യ – 46* – 2026*മാപ്പുകൾ കാണുക
നിക്കോളാസ് പൂരന് – വെസ്റ്റ് ഇന്‍ഡീസ് – 39 – 2024
മുഹമ്മദ് റിസ്വാന് – പാകിസ്ഥാന് – 38 – 2021
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 36 – 2026
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 32 – 2025
സഞ്ജു സാംസണ് – ഇന്ത്യ – 31 – 2024
നിക്കോളാസ് പൂരന് – വെസ്റ്റ് ഇന്‍ഡീസ് – 30 – 2021
പരമ്പര ക്ലീൻ സ്വീപ്പ് ലക്ഷ്യമിട്ട് ഇന്ത്യ
വെല്ലിങ്ടണിൽ നടന്ന മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയാണ് ഇന്ത്യ രണ്ട് മത്സരം ശേഷിക്കെ (3-0) പരമ്പര ഉറപ്പിച്ചത്
പരമ്പര ഇതിനോടകം സ്വന്തമാക്കിയെങ്കിലും, ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് കിവീസ് മണ്ണിൽ പരമ്പര ക്ലീൻ സ്വീപ്പ് ചെയ്യുക എന്നതാണ് അയ്യർക്കും സംഘത്തിനുമുള്ള ലക്ഷ്യം.
ഓക്ലാൻഡിലെ ചെറിയ ബൗണ്ടറികളും ഈഡൻ പാർക്കിന്റെ പ്രത്യേകതകളും സഞ്ജുവിന് തന്റെ റെക്കോർഡ് നേട്ടം എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


