സൗദി പ്രൊഫഷണൽ ലീഗിൽ അൽ ഖോലൂദിനെതിരെ അൽ നസറിന് ആവേശകരമായ വിജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക് ഗോളുകളുടെ മികവിലാണ് അൽ നസർ 5-3 വിജയം സ്വന്തമാക്കിയത്.
ഈ വിജയത്തോടെ റൊണാൾഡോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 985 ആയി ഉയർന്നു. 1,000 ഗോളുകൾ എന്ന ചരിത്രനേട്ടത്തിലേക്ക് വെറും 15 ഗോളുകൾ മാത്രം അകലെയാണ് ഇപ്പോൾ ഈ പോർച്ചുഗീസ് സൂപ്പർതാരം.
മത്സരത്തിൻ്റെ വഴിതിരിവുകൾ
റിയാദിലെ അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആവേശം നിറഞ്ഞതായിരുന്നു.
മത്സരത്തിൻ്റെ 16-ാം മിനിറ്റിൽ ജൂലിയൻ ഡൊമിംഗ്സിലൂടെ അൽ ഖോലൂദ് ആദ്യം ലീഡ് എടുത്തു.
എന്നാൽ 24-ാം മിനിറ്റിൽ ആഞ്ചലോയിലൂടെ അൽ നാസർ തിരിച്ചടിച്ചു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് സാഡിയോ മാനെ ടീമിന്റെ ലീഡ് ഉയർത്തി. ജോവോ ഫെലിക്സായിരുന്നു ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് അന്റോയിൻ ലോയിക് എസ്സോംബയിലൂടെ സന്ദർശകർ ഒപ്പമെത്തി (2-2).
രണ്ടാം പകുതിയിലെ റൊണാൾഡോ ഷോ
രണ്ടാം പകുതി പൂർണ്ണമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടിമേളമായിരുന്നു കളികളത്തിൽ. ആദ്യ പകുതിയിൽ രണ്ട് ശ്രമങ്ങൾ പാഴായെങ്കിലും, രണ്ടാം പകുതിയിൽ താരം തൻ്റെ ക്ലാസ് പുറത്തെടുത്തു:
66-ാം മിനിറ്റ്: ജോവോ ഫെലിക്സിന്റെ പാസിൽ നിന്ന് എളുപ്പത്തിലുള്ള ഒരു ടാപ്പ്-ഇൻ ഗോളിലൂടെ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു.
72-ാം മിനിറ്റ്: വെറും ആറു മിനിറ്റുകൾക്ക് ശേഷം തകർപ്പൻ ഒരു ഹെഡ്ഡറിലൂടെ താരം തൻ്റെയും ടീമിന്റെയും രണ്ടാം ഗോൾ നേടി.
81-ാം മിനിറ്റ്: സാധിയോ മാനെയുടെ പാസ് സ്വീകരിച്ച് ലക്ഷ്യം കണ്ട റൊണാൾഡോ തൻ്റെ ഹാട്രിക് തികച്ചു. മത്സരത്തിലെ അവസാന നിമിഷങ്ങളിൽ പെനാൽറ്റിയിലൂടെ ഡൊമിംഗ്സ് അൽ ഖോലൂദിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും, അൽ നാസർ 5-3 എന്ന സ്കോറിൽ വിജയം ഉറപ്പിച്ചു.
“മികച്ച വിജയം, മികച്ച ടീം പ്രകടനം. ഹാട്രിക് നേടാൻ സഹായിച്ചതിൽ സന്തോഷം!” – മത്സരത്തിന് ശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
എക്കാലത്തെയും മികച്ച ബാലൻ ഡി ഓർ അവാർഡ് (B.O.A.T.) റൊണാൾഡോയ്ക്ക്
കളിക്കളത്തിലെ വിജയത്തിന് പുറമെ മറ്റൊരു ചരിത്ര നേട്ടവും റൊണാൾഡോയെ തേടിയെത്തിയിട്ടുണ്ട്. ബാലൻ ഡി ഓർ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനുള്ള പ്രഥമ ‘B.O.A.T.’ (Best of All Time) അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.
ഫ്രാൻസ് ഫുട്ബോളിന്റെ നേതൃത്വത്തിൽ നടന്ന പൊതു ജന വോട്ടെടുപ്പിലാണ് ദീർഘകാല എതിരാളിയായ ലയണൽ മെസ്സിയെ പിന്തള്ളി റൊണാൾഡോ ഈ പുരസ്കാരം സ്വന്തമാക്കിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗും യുവേഫ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുകയും, 42 ഗോളുകൾ നേടുകയും ചെയ്ത തൻ്റെ സുവർണ്ണ കാലഘട്ടമായ 2008 ലെ പ്രകടനത്തിനാണ് ആരാധകർ റൊണാൾഡോയെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.
“ഫുട്ബോൾ ആരാധകരുടേതാണ്! ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദി, എക്കാലത്തെയും മികച്ച ബാലൻ ഡി ഓർ നിങ്ങൾക്കുള്ളതാണ്,” പുരസ്കാരം നേടിയ ശേഷം റൊണാൾഡോ പ്രതികരിച്ചു.


