ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ടി-20യിൽ വൈഭവ് സൂര്യവംശിയെ ഓപ്പണറായി കളിപ്പിക്കാനുള്ള തീരുമാനം മികച്ചതായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. എതിരാളികൾക്ക് മുകളിൽ ആധിപത്യം നേടാൻ ഇഷ്ടമുള്ള താരമാണ് വൈഭവ് എന്നും രഹാനെ പറഞ്ഞു.
”സഞ്ജു സാംസണെ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യിച്ചപ്പോൾ വൈഭവ് സൂര്യവംശിയെ ഓപ്പണറായി ഇറക്കിയത് ടീമിന്റെ മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു. വൈഭവിന് വെറും 15 വയസ്സേ ഉള്ളൂ. രണ്ടാം ടി-20 മത്സരങ്ങൾക്ക് മുമ്പ് അദ്ദേഹം മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തിട്ടുമില്ല. നിലവിൽ അവൻ മികച്ച ഫോമിലാണ്.
തുടക്കം മുതൽ ആക്രമിച്ച് കളിക്കാനും എതിരാളികൾക്ക് മേൽ ആധിപത്യം നേടാനും ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. ഇത്തരം അവസരങ്ങളിലൂടെ അദ്ദേഹം കൂടുതൽ കാര്യങ്ങൾ പഠിക്കും. അത് അദ്ദേഹത്തിന്റെ വളർച്ചക്ക് സഹായകരമാവും. എന്നാൽ എല്ലാ മത്സരങ്ങളിലും ഈ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നത് മറ്റൊരു കാര്യമാണ്. ഇഷാൻ കിഷൻ ടീമിൽ തിരിച്ചെത്തുമ്പോൾ സഞ്ജു സാംസൺ വീണ്ടും ഓപ്പണറായി ഇറങ്ങുന്നത് നമുക്ക് കാണാൻ സാധിച്ചേക്കും” അജിങ്ക്യ രഹാനെ പറഞ്ഞു.

നിലവിൽ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
ആദ്യ പന്തുമുതൽ ആഞ്ഞടിച്ച സ്റ്റാർ ഓപ്പണർ അഭിഷേക് ശർമയുടെ അവിശ്വസനീയ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയിച്ചത്. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് കരിയറിലെ അതിവേഗ സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ വിജയത്തിന് തറക്കല്ലിട്ടത്.
38 പന്തുകൾ നേരിട്ട അഭിഷേക് 11 സിക്സറുകളും 9 ഫോറുമടക്കം 113 റൺസെടുത്ത് തകർപ്പൻ ഇന്നിങ്സിനൊടുവിലാണ് പുറത്തായത്.
ഓപ്പണിങ് വിക്കറ്റിൽ അഭിഷേകിന് വീര്യമേറിയ പിന്തുണ നൽകിയ കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് 4 സിക്സും 4 ഫോറുമടക്കം 45 റൺസ് വാരിക്കൂട്ടി.
ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.


