സിംബാബ്വെ വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം ഇന്ത്യൻ വനിതകൾ നേടിയിരുന്നു. ഹർമൻപ്രീത് കൗറിന്റെയും ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെയും വെടിക്കെട്ട് സെഞ്ച്വറികളുടെ മികവിൽ 121 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ചെറിയ തിരിച്ചടികൾ നേരിട്ടിരുന്നു. ആദ്യ പവർപ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, പിന്നീട് ക്രീസിൽ നിലയുറപ്പിച്ച പ്രതീക റാവലും (61) ഹർമൻപ്രീത് കൗറും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്തു.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയത് ഇന്ത്യയ്ക്ക് മധ്യ ഓവറുകളിൽ കരുത്തായി.
തുടർന്ന് ക്രീസിലെത്തിയ ദീപ്തി ശർമ്മയും ഹർമൻപ്രീത് കൗറും ചേർന്ന് സിംബാബ്വെ ബൗളിംഗ് നിരയെ അക്ഷരാർത്ഥത്തിൽ പ്രഹരിക്കുകയായിരുന്നു. ഇരുവരും ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിക്കുകയായിരുന്നു.
ഹർമനും ദീപ്തിയും സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. നേരിട്ട 121 പന്തുകളിൽ നിന്ന് 15 ബൗണ്ടറികൾ ഉൾപ്പെടെ 126 റൺസ് നേടിയാണ് ഹർമൻപ്രീത് കൗർ മടങ്ങിയത്.
ദീപ്തി ശർമ്മ വെറും 86 പന്തുകളിൽ നിന്ന് 15 ബൗണ്ടറികൾ സഹിതം 106 റൺസുമായി പുറത്താകാതെ നിന്നു. ഏകദിനത്തിലെ ദീപ്തിയുടെ രണ്ടാം സെഞ്ച്വറിയാണിത്. ഇതോടെ ഏകദിനത്തിൽ രണ്ടോ അതിലധികമോ സെഞ്ച്വറികളും 150+ വിക്കറ്റും നേടുന്ന മൂന്നമത്തെ ഇന്ത്യൻ താരമായും ദീപ്തി മാറി. ഏകദിനത്തിൽ 168 വിക്കറ്റുകളാണ് ദീപ്തി നേടിയിട്ടുള്ളത്.
ഈ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർ, മനോജ് പ്രഭാകർ എന്നിവർക്കൊപ്പമാണ് ദീപ്തിയെത്തിയത്. സച്ചിൻ 100 സെഞ്ച്വറികൾ സ്വന്തമാക്കിയപ്പോൾ ബൗളിംഗിൽ 154 വിക്കറ്റുകൾ നേടിയാണ് കരിയർ അവസാനിപ്പിച്ചത്. മനോജ് പ്രഭാകർ 157 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രണ്ട് സെഞ്ച്വറികളും ഏകദിനത്തിൽ സ്വന്തമാക്കി.
വനിതാ ഏകദിനത്തിൽ രണ്ടിലധികം സെഞ്ച്വറിയും 150+ വിക്കറ്റും നേടുന്ന നാലാമത്തെ താരമാണ് ദീപ്തി. സ്റ്റെഫാനിയെ ടെയ്ലർ (വെസ്റ്റ് ഇൻഡീസ്), മരിസാനെ കാപ്പ് (സൗത്ത് ആഫ്രിക്ക), എലീസ് പെറി (ഓസ്ട്രേലിയ) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച വനിതാ താരങ്ങൾ.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ വനിതകൾ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും, ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണത്തിന് മുന്നിൽ പതറിപ്പോയി.
മോഡസ്റ്റർ മുപചിക്വ (49), ചിപ്പോ മുഗേരി തിരിപാനോ (46), ബിലവ്ഡ് ബിസ (34) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. ഇന്നിംഗ്സിന്റെ അവസാന ഘട്ടങ്ങളിൽ ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ ബൗളർമാർ സിംബാബ്വെയുടെ ചെറുത്തുനിൽപ്പുകൾ ഓരോന്നായി അവസാനിപ്പിച്ചു.


