2027 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഹർദിക് പാണ്ഡ്യയെ മാറ്റുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഹർദിക്കിനെ പഞ്ചാബ് കിങ്സിന് കൈമാറി ഒരു ഇന്ത്യൻ ഇടംകയ്യൻ പേസറെ മുംബൈ ലക്ഷ്യം വെക്കുന്നുവെന്ന വാർത്തകൾ കേൾക്കുന്നുവെന്നും അശ്വിൻ വ്യക്തമാക്കി.
“അവസാന നിമിഷം ഹർദിക്കിനെ മുംബൈ നിലനിർത്തിയില്ലെങ്കിൽ അദ്ദേഹം ടീമിൽ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. അദ്ദേഹത്തെ മുംബൈ ഒഴിവാക്കാനാണ് സാധ്യത. പകരം ഒരു ലെഗ് സ്പിന്നറെയോ പഞ്ചാബ് കിങ്സിൽ നിന്നും ഒരു ഇന്ത്യൻ ഇടം കയ്യൻ പേസറെയോ മുംബൈ ഇന്ത്യൻസ് ടീമിലെടുക്കാൻ നോക്കുന്നുണ്ടെന്ന വാർത്തകൾ കേൾക്കുന്നുണ്ട്” അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
2024 മുതലാണ് ഹർദിക് മുംബൈ ഇന്ത്യൻസിന്റെ നായകനായി ചുമതയേറ്റത്. എന്നാൽ ഈ മൂന്ന് സീസണിലും ഹർദിക്കിന്റെ കീഴിൽ മുംബൈ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
അതേസമയം 2027 ഐപിഎല്ലിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കീറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി മുംബൈ നിയമിച്ചിരുന്നു. അടുത്തിടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ലങ്കൻ ഇതിഹാസം മഹേല ജയവർധനെക്ക് പകരമാണ് പൊള്ളാർഡ് മുംബൈയുടെ പരിശീലകനായെത്തുന്നത്.
മുംബൈയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് പൊള്ളാർഡ്. മുംബൈക്കൊപ്പം 5 ഐപിഎൽ കിരീട വിജയങ്ങളിൽ പങ്കാളിയായ പൊള്ളാർഡ് രണ്ട് ചാമ്പ്യൻസ് ലീഗ് ടി-20 കിരീടങ്ങളും മുംബൈക്കൊപ്പം സ്വന്തമാക്കി.
ഐപിഎല്ലിൽ 189 മത്സരങ്ങളിൽ നിന്നും 3412 റൺസും 69 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. പൊള്ളാർഡിന്റെ അനുഭവ സമ്പത്ത് വരും സീസണിൽ മുംബൈക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


