ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യ ആവേശ വിജയമാണ് നേടിയത്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ന്യൂസിലാൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഈ വിജയത്തോടെ 5 മൽസരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.
തിലക് വർമ്മയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കിവീസിനെതിരെ ആവേശ വിജയം കൈപ്പിടിയിലാക്കാക്കിയത്. 26 പന്തുകളിൽ നിന്നും പുറത്താവാതെ 51 റൺസ് നേടിയാണ് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

തിലകിനൊപ്പം നമൻ ധിർ 17 പന്തിൽ 31 റൺസും നിതീഷ് കുമാർ റെഡ്ഢി 13 പന്തിൽ പുറത്താവാതെ 26 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഈ പ്രകടനത്തോടെ ഇന്ത്യക്ക് വേണ്ടി ടി-20യിൽ ഡെത്ത് ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി തിലക് മാറി. 462 റൺസാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. 455 റൺസ് നേടിയ സൂര്യകുമാർ യാദവിനെയാണ് തിലക് മറികടന്നത്. വിരാട് കോലി (777), എം.എസ് ധോണി(856), ഹർദിക് പാണ്ഡ്യ (1140) എന്നിവരാണ് തിലകിന് മുന്നിലുള്ളത്.


