ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യ ത്രില്ലർ വിജയം നേടി. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ന്യൂസിലാൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഈ വിജയത്തോടെ 5 മൽസരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.
തിലക് വർമ്മയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ആവേശ വിജയം കൈപ്പിടിയിലാക്കാക്കിയത്. 26 പന്തുകളിൽ നിന്നും പുറത്താവാതെ 51 റൺസ് നേടിയാണ് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
ഇന്റർനാഷണൽ ടി-20യിൽ ചെയ്സിങ്ങിൽ 50+ ആവറേജ് സ്വന്തമാക്കിയാണ് തിലക് മുന്നേറുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് തിലക്. 51.62 ആണ് തിലകിന്റെ ആവറേജ്. 47.71 ശരാശരിയിൽ മുൻ ഇന്ത്യൻ താരം എം.എസ് ധോണിയെയാണ് തിലക് മറികടന്നത്. ചെയ്സിങ്ങിൽ ഏറ്റവും മികച്ച ആവറേജുള്ള താരം വിരാട് കോലിയാണ്. 67.10 ആണ് വിരാടിന്റെ ആവറേജ്.
തിലകിനൊപ്പം മത്സരത്തിൽ തിലകിനൊപ്പം നമൻ ധിർ 17 പന്തിൽ 31 റൺസും നിതീഷ് കുമാർ റെഡ്ഢി 13 പന്തിൽ പുറത്താവാതെ 26 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ മിഡിൽ ഓർഡർ ഇന്ത്യയെ മത്സരത്തിൽ കരകയറ്റുകയായിരുന്നു.മത്സരത്തിൽ അഭിഷേക് 27 റൺസ് നേടിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ 14 റൺസിനും പുറത്തായി.
ഇഷാൻ കിഷന് പകരം ടീമിലെത്തിയ യുവതാരം വൈഭവ് സൂര്യവംശി നാല് റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഏഴ് റൺസും നേടി. ഓൾ റൗണ്ടർ അക്സർ പട്ടേൽ 11 റൺസിനും മടങ്ങി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്സ് എന്നിവർ അർധ സെഞ്ച്വറി നേടി തിളങ്ങി. ഫിലിപ്പ്സ് 43 പന്തിൽ 70 റൺസാണ് അടിച്ചെടുത്തത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ബെവൺ ജേക്കബ്സ് 46 പന്തിൽ 5 ഫോറുകളും ഒരു സിക്സും അടക്കം 58 റൺസും നേടി.
മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, നിതീഷ് കുമാർ റെഡ്ഢി, പ്രിൻസ് യാദവ് എന്നിവർ ഓരോ വീതം വിക്കറ്റുകൾ നേടി.
പരമ്പരയിലെ മൂന്നാം മത്സരം ഒക്ടോബർ 27നാണ് നടക്കുന്നത്. ഈ മത്സരം വിജയിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര സ്വന്തമാക്കാം.


