ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ വിജയം നേടിയിരുന്നു. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
നമൻ ധീറിന്റെ വെടിക്കെട്ടിൽ 17 വർഷം പഴക്കമുള്ള ഒരു റെക്കോർഡാണ് തകർന്നത്. ടി-20യിൽ ചെയ്സിങ്ങിൽ ഏഴോ അതിന് താഴെയോ സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തഗത സ്കോറിന്റെ ഉടമയാണ് നമൻ ധീർ മാറിയത്. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെയാണ് താരം മറികടന്നത്. 2009ൽ ശ്രീലങ്കക്കെതിരെ 33 റൺസായിരുന്നു ഇർഫാൻ പത്താൻ നേടിയിരുന്നത്.
അതേസമയം, മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെൻ ഫിലിപ്സാണ്. 40 പന്തിൽ പുറത്താവാതെ 82 റൺസാണ് താരം സ്വന്തമാക്കിയത്. ഫിൻ അലൻ 45 റൺസും അടിച്ചെടുത്തു. ബെവോൺ ജേക്കബ്സ് 31 റൺസും ഡാറിൽ മിച്ചൽ 28 റൺസും സ്വന്തമാക്കി.


