ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ വിജയം നേടിയിരുന്നു. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ടി-20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ചെയ്സിങ് കൂടിയായിരുന്നു ഇത്. 2023ൽ ഓസ്ട്രേലിയക്കെതിരെ നടത്തിയ 209 റൺസിന്റെ ചെയ്സിങ് റെക്കോർഡാണ് ഇന്ത്യ തകർത്തത്.
ഈ റെക്കോർഡ് വിജയത്തോടെ ടി-20യിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ 200+ ടോട്ടലുകളിൽ വിജയം സ്വന്തമാക്കുന്ന നായകനായി ശ്രേയസ് അയ്യർ മാറി. 25 വിജയങ്ങളാണ് അയ്യർ ഇത്തരത്തിൽ നേടിയത്. 24 വിജയങ്ങളുള്ള ഇന്ത്യൻ താരം വിരാട് കോലിയെയാണ് അയ്യർ മറികടന്നത്. 28 തവണ 200+ ടോട്ടലുകളിൽ വിജയം കൈവരിച്ച എം.എസ് ധോണിയാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനം.
മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെൻ ഫിലിപ്സാണ്. 40 പന്തിൽ പുറത്താവാതെ 82 റൺസാണ് താരം സ്വന്തമാക്കിയത്. ഫിൻ അലൻ 45 റൺസും അടിച്ചെടുത്തു. ബെവോൺ ജേക്കബ്സ് 31 റൺസും ഡാറിൽ മിച്ചൽ 28 റൺസും സ്വന്തമാക്കി.


