കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ മന്ത്രി വീണാജോർജ് ആക്രമിക്കപ്പെട്ട, കേരള രാഷ്ട്രീയത്തെ ഉലച്ച സംഭവത്തിൽ ഇപ്പോൾ സത്യം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
കേരളം അന്നേ പറഞ്ഞ രാഷ്ട്രീയ നാടകത്തിന്റെ സത്യം മറ നീക്കി പുറത്തുവരുമ്പോൾ വെളിച്ചത്താകുന്നത് പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ആസൂത്രിത ഗൂഢാലോചനകളാണ്.
അധികാരബലത്തിൽ വ്യാജരേഖകളും കള്ളമൊഴികളും ചമച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ തുനിഞ്ഞിറങ്ങുന്ന ഭരണകൂട തന്ത്രങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ ചുമത്തപ്പെട്ട വധശ്രമക്കേസിലെ പുതിയ വെളിപ്പെടുത്തലുകൾ കേരള പൊലീസിന്റെയും അതിന് നേതൃത്വം നൽകിയ അന്നത്തെ ആഭ്യന്തര വകുപ്പിന്റെയും കറുത്ത മുഖമാണ് അനാവരണം ചെയ്യുന്നത്.
മുൻ ആരോഗ്യമന്ത്രിയെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചുവെന്ന പേരിൽ ചമച്ച കേസ് കേവലം വ്യാജ ആരോപണമല്ല, മറിച്ച് അധികാര ദുർവിനിയോഗത്തിന്റെയും പൊലീസ് സംവിധാനത്തെ രാഷ്ട്രീയ വൈരനിര്യാതനത്തിനായി ദുരുപയോഗം ചെയ്തതിന്റെയും ഒന്നാന്തരം തെളിവാണ്.
പ്രത്യേക അന്വേഷണ സംഘത്തിന് മുൻ എസ്.ഐ ദീപ്തിയും മന്ത്രിയുടെ മുൻ ഗൺമാൻ അഭിലാഷും നൽകിയ മൊഴികളോടെ നാടകീയമായ തിരിവുകളാണ് കേസിൽ ഉണ്ടായിരിക്കുന്നത്.
കെ.എസ്.യുക്കാരുടെ ആകമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് തന്റെ പേരിൽ കള്ളമൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നും ആദ്യ അന്വേഷണസംഘം തൻ്റെ മൊഴിയെടുത്തിട്ടേയില്ലെന്നുമാണ് റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്.ഐ ദീപ്തി വെളിപ്പെടുത്തിയത്.
മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ പേരിൽ തന്നെ കള്ളമൊഴി രേഖപ്പെടുത്താൻ പൊലീസ് സംഘം കാണിച്ച ധാർഷ്ട്യം ആരുടെ തിരക്കഥ അനുസരിച്ചായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം.
ആയുധങ്ങൾ ഉപയോഗിച്ച് വധശ്രമം നടത്തിയെന്ന മുൻ മൊഴി തിരുത്തിയ ഗൺമാൻ അഭിലാഷ്, മന്ത്രി വീണാ ജോർജിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് താൻ വ്യാജമൊഴി നൽകിയതെന്ന് തുറന്നുപറഞ്ഞതോടെ കേസിന്റെ ഗതിയും തിരക്കഥയും പാടെ തകർന്നിരിക്കുകയാണ്.
പൊലീസിനെയും അന്വേഷണ ഏജൻസികളെയും സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യാം എന്നതിന്റെ ഉദാഹരണമാണിത്.
മന്ത്രിയുടെ വാക്കു കേട്ട് രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ വ്യാജ മൊഴികളുണ്ടാക്കുകയും, ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച അഞ്ച് യുവജനപ്രവർത്തകരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ജയിലിലടക്കുകയും ചെയ്ത നടപടി നീതിപീഠത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്.
ഇത് കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയ ഗൂഢാലോചനയാണ്.
കേസിന് ആധാരമായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിന്റെ വെളിപ്പെടുത്തൽ വീണാ ജോർജിനെയും നിലവിലെ സി.പി.എം നേതൃത്വത്തെയും പൂർണ്ണമായും വിചാരണക്കൂട്ടിലാക്കുന്നു.
ആയുധമുപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന തൻ്റെ ആദ്യ മൊഴി തെറ്റായിരുന്നുവെന്നും വീണയുടെ നിർദ്ദേശപ്രകാരമാണ് അത്തരം ഒരു മൊഴി നൽകേണ്ടിവന്നതെന്നും അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിച്ചിരിക്കുകയാണ്.
ഒരു മന്ത്രി തന്നെ തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പച്ചക്കള്ളം മൊഴിയായി നൽകാൻ സമ്മർദ്ദം ചെലുത്തി എന്നത് ജനാധിപത്യ കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.
ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്യുന്ന വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറുന്നതോടെ, ഈ വ്യാജരേഖ ചമയ്ക്കലിന് പിന്നിൽ പ്രവർത്തിച്ച ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ സംഘവും പ്രതിക്കൂട്ടിലാകും.
സ്വന്തം രാഷ്ട്രീയ നേട്ടത്തിനും പ്രതിപക്ഷ പ്രസ്ഥാനങ്ങളെ വേട്ടയാടുന്നതിനുമായി ഭരണാധികാരികൾ തന്നെ ഗൂഢാലോചനക്ക് നേതൃത്വം നൽകുന്നത് ജനാധിപത്യ സംവിധാനത്തിന് ആപത്താണ്.
അധികാരം നിലനിർത്താനും രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനും പൊലീസിനെയും മറ്റ് അന്വേഷണ സംവിധാനങ്ങളെയും ഏതുവിധത്തിലും ദുരുപയോഗം ചെയ്യാമെന്ന പിണറായി സർക്കാരിൻ്റെ മുൻകാല സമീപനങ്ങളുടെ തുടർച്ച തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്.
സത്യം മറച്ചുവെക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് ആഭ്യന്തര വകുപ്പ് അധഃപതിച്ചിരിക്കുന്നു.
എസ്.ഐ.ടിയുടെ അന്വേഷണത്തിൽ വ്യാജ മൊഴിയുടെയും ഗൂഢാലോചനയുടെയും വിവരങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ, അതിന് ഉത്തരവാദികളായവർക്കെതിരെ കേവലം വകുപ്പുതല നടപടികളിൽ ഒതുങ്ങാതെ കർശനനിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
തെറ്റായ മൊഴി നൽകിയ ഗൺമാനെതിരെ മാത്രമല്ല, സുരക്ഷാ ഉദ്യോഗസ്ഥനുമേൽ വഴിവിട്ട സമ്മർദ്ദം ചെലുത്തിയ മുൻ മന്ത്രി വീണാ ജോർജിനെതിരെയും കള്ളമൊഴി രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാൻ എസ്. ഐ.ടിയും ഡി.ജി.പിയും തയാറാകണം.
അതോടൊപ്പം, അധികാരം ദുരുപയോഗം ചെയ്ത് കള്ളക്കേസുകളിൽ നിരപരാധികളെ കുടുക്കുന്ന ഇത്തരം ഗൂഢാലോചനകൾക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതരെ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണവും അനിവാര്യമാണ്. നീതിന്യായ വ്യവസ്ഥയോടും ജനങ്ങളോടും സർക്കാർ കാട്ടുന്ന ഈ ചതിക്ക് മാപ്പില്ല.
അധികാരത്തണലിൽ കെട്ടിച്ചമച്ച കഥകൾക്ക് ആയുസ്സ് കുറവാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
ഭരണകൂട ഭീകരതക്കും അധികാര ദുർവിനിയോഗങ്ങൾക്കും രാഷ്ട്രീയ ഗൂഢാലോചനകൾക്കുമെതിരെ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുകയും സത്യം ജനങ്ങൾക്ക് മുന്നിൽ പൂർണ്ണമായി തുറന്നുകാട്ടുകയും ചെയ്യേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.


