ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ മിന്നും പ്രകടനങ്ങൾ നടത്തിയതിന് പിന്നാലെ തനിക്കെതിരെയുള്ള വിമർശനങ്ങളെക്കുറിച്ച് സഞ്ജു സാംസൺ സംസാരിച്ചു.
പുറത്തുള്ള ആളുകൾ പറയുന്നത് താൻ ശ്രദ്ധിക്കാറില്ലെന്നാണ് സഞ്ജു പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ആളുകൾ എന്ത് പറയുന്നുവെന്ന് ചിന്തിച്ചാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്നും സഞ്ജു വ്യക്തമാക്കി.
”പുറത്തുള്ളവർ എന്താണ് പറയുന്നത് എന്ന് ഞാൻ ശ്രദ്ധിക്കാറില്ല. സോഷ്യൽ മീഡിയയിലും മറ്റുള്ളവരും എന്ത് പറയുന്നു എന്ന് ചിന്തിച്ചിരുന്നാൽ മുന്നോട്ടു പോകാൻ സാധിക്കില്ല. നമ്മുടെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യൻ ടീമിനായി കളിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് വിമർശനങ്ങളും അഭിപ്രായങ്ങളും ഉണ്ടാകാം. എന്റെ കളിയിൽ ശ്രദ്ധിച്ചുകൊണ്ട് ഏറ്റവും മികച്ചത് നൽകാനാണ് ഞാൻ ശ്രമിക്കുന്നത്” സഞ്ജു സാംസൺ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവാണ്.
മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.


