ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ വിജയം. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ടി-20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ചെയ്സിങ് കൂടിയായിരുന്നു ഇത്. 2023ൽ ഓസ്ട്രേലിയക്കെതിരെ നടത്തിയ 209 റൺസിന്റെ ചെയ്സിങ് റെക്കോർഡാണ് ഇന്ത്യ തകർത്തത്.
മത്സരത്തിൽ മൂന്ന് സിക്സുകൾ നേടിയതോടെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഇന്റർനാഷണൽ ടി-20യിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി മാറി. 99 സിക്സുകളാണ് താരം പവർപ്ലേയിൽ അടിച്ചുകൂട്ടിയത്. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെയാണ് ഈ റെക്കോർഡിൽ അഭിഷേക് മറികടന്നത്. 12 പന്തിൽ 29 റൺസാണ് താരം നേടിയത്.
മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.


