മുംബൈ: മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗിന്റെ മകൻ ആര്യവീർ സേവാഗ് വിനു മങ്കാദ് ട്രോഫിയിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ ആഘോഷത്തിനിടയിൽ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചണ്ഡീഗഡ് അണ്ടർ-19 ടീമിനെതിരെ ഡൽഹി ക്യാപ്റ്റനും ഓപ്പണറുമായ ആര്യവീർ 143 പന്തിൽ നിന്ന് 19 ഫോറുകളും 8 സിക്സറുകളും അടക്കം 173 റൺസ് അടിച്ചുകൂട്ടിയിരുന്നു.
ഈ പ്രകടനത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ആഭ്യന്തര ക്രിക്കറ്റ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിഹാസ താരങ്ങളുടെ മക്കൾക്ക് മാത്രം ബിസിസിഐ അമിത പ്രാധാന്യം നൽകുന്നുവെന്നും, അതേ ടൂർണമെന്റിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച മറ്റു താരങ്ങളെ ബോധപൂർവ്വം അവഗണിക്കുന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ആക്ഷേപം.
അൻമോൽ കുമാറിന്റെ റെക്കോർഡ് പ്രകടനം അവഗണിക്കപ്പെട്ടു?
ആര്യവീർ സേവാഗ് 173 റൺസ് നേടിയ അതേ ദിവസം, ഇതേ ടൂർണമെന്റിൽ ബിഹാർ അണ്ടർ-19 ബാറ്ററായ അൻമോൽ കുമാർ അതിശയിപ്പിക്കുന്ന വേഗത്തിൽ ബാറ്റ് വീശിയിരുന്നു.
ഹരിയാന അണ്ടർ-19 ടീമിനെതിരെ വെറും 86 പന്തുകളിൽ നിന്നാണ് അൻമോൽ 184 റൺസ് വാരിക്കൂട്ടിയത്. 18 കൂറ്റൻ സിക്സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
അൻമോലിന്റെ കരുത്തിൽ ബിഹാർ 325 റൺസ് നേടുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.
പക്ഷേ, ആര്യവീറിന്റെ പ്രകടനം ആഘോഷമാക്കിയ ബിസിസിഐയോ മറ്റ് മുഖ്യധാരാ മാധ്യമങ്ങളോ അൻമോൽ കുമാറിന്റെ ഈ റെക്കോർഡ് ഇന്നിങ്സിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല.
പട്ന സ്വദേശിയായ അൻമോലിനെ അവഗണിച്ചതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ക്രിക്കറ്റ് പ്രേമികൾ ഉയർത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ കനത്ത പ്രതിഷേധം
സ്റ്റാർ പ്ലെയർമാരുടെ മക്കൾക്ക് (നെപ്പോ കിഡ്സ്) മാത്രം ബിസിസിഐ പ്രത്യേക പരിഗണന നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
“അതേ ദിവസം, ഇതേ ടൂർണമെന്റിൽ ബിഹാറിന്റെ അൻമോൽ കുമാർ 86 പന്തിൽ 184 റൺസ് അടിച്ചു കൂട്ടിയത് എന്തിനാണ് ബിസിസിഐ കാണാതെ നടക്കുന്നത്?” എന്ന് ഒരു ആരാധകൻ ചോദിച്ചു.
മറ്റൊരാളുടെ കുറിപ്പ് ഇങ്ങനെ: “അടുത്തിടെ നടന്ന മത്സരങ്ങളിൽ ആര്യവീർ സേവാഗും ദ്രാവിഡിന്റെ മകനും തിളങ്ങിയപ്പോൾ വലിയ പ്രചാരണം ലഭിച്ചു.
എന്നാൽ യശ്വർധൻ ചൗഹാനെപ്പോലെയുള്ള മികച്ച താരങ്ങൾ അവഗണിക്കപ്പെട്ടു. സേവാഗിന്റെ മകനായതുകൊണ്ട് മാത്രമാണ് ആര്യവീറിനെ ബിസിസിഐ പ്രമോട്ട് ചെയ്യുന്നത്. നെപ്പോട്ടിസം ഇവിടെ വ്യക്തമാണ്.”
ചർച്ചയായി ദ്രാവിഡിന്റെ മകന്റെ പ്രകടനവും
വിനു മങ്കാദ് ട്രോഫിയിൽ മുൻ ഇന്ത്യൻ കോച്ചും ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവേ ദ്രാവിഡും കർണാടക അണ്ടർ-19 ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഗുജറാത്തിനെതിരെ 100 പന്തിൽ 151 റൺസാണ് അൻവേ നേടിയത്.
ഇതിഹാസ താരങ്ങളുടെ മക്കൾ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും, സാധാരണ പശ്ചാത്തലത്തിൽ നിന്നെത്തി മിന്നുന്ന പ്രകടനം നടത്തുന്ന മറ്റു പ്രതിഭകളെക്കൂടി ബിസിസിഐയും മാധ്യമങ്ങളും പരിഗണിക്കണമെന്നാണ് ആരാധകരുടെ പക്ഷം.


