ഇന്ത്യ-വെസ്റ്റ് അവസാന ടി-20 മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗിനിടെ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം പൂർണമായി ഉപേക്ഷിച്ചത്.
മത്സരം 7.4 ഓവറിൽ 118 റൺസ് എന്ന നിലയിൽ നിൽക്കെയായിരുന്നു ഉപേക്ഷിക്കപ്പെട്ടത്. ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ 10 പന്തിൽ 30 റൺസ് നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇതോടെ ടി-20യിൽ ഇന്ത്യക്ക് വേണ്ടി ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ തവണ ടോപ് സ്കോറർ ആവുന്ന താരമായും ഇഷാൻ മാറി. ഈ വർഷത്തിൽ ഒമ്പതാം തവണയാണ് ഇഷാൻ ഇന്ത്യയുടെ ടോപ് സ്കോറർ ആവുന്നത്.
മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനൊപ്പമാണ് ഈ റെക്കോർഡിൽ കിഷൻ. 2022ലാണ് സ്കൈ ഒമ്പത് തവണ ടോപ് സ്കോറർ ആയിരുന്നത്. 2025ലും ഈ വർഷവും എട്ട് തവണ ടോപ് സ്കോററായ അഭിഷേക് ശർമയെ മറികടന്നാണ് ഇഷാന്റെ കുതിപ്പ്.
മത്സരത്തിൽ ഇഷാനൊപ്പം നമൻ ധീർ ആറ് പന്തിൽ 24 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 14 പന്തിൽ 22 റൺസും നേടി മികച്ച പ്രകടനം നടത്തി.


