ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി-20 ടീമിലെ മുൻനിര ബാറ്റർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ അവസാന 20 ഇന്നിങ്സുകളിലെ പ്രകടനങ്ങൾ വിശകലനം ചെയ്യുന്ന പുതിയ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവന്നപ്പോൾ മുന്നിൽ തിളങ്ങി മലയാളി താരം സഞ്ജു സാംസൺ. റൺവേട്ടയിലും ശരാശരിയിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സഞ്ജു ഒന്നാം സ്ഥാനത്ത് തുടരുന്നത്.
അവസാന 20 ഇന്നിങ്സുകളിൽ നിന്ന് 33.5 ശരാശരിയിൽ 671 റൺസാണ് സഞ്ജു സാംസൺ അടിച്ചുകൂട്ടിയത്. 183.3 എന്ന വിനാശകരമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സഞ്ജുവിന്റെ സമ്പാദ്യത്തിൽ 7 അർധശതകങ്ങളും ഉൾപ്പെടുന്നു.
തകർപ്പൻ പ്രകടനത്തോടെ സ്കോറിങ് വേഗതയിൽ മുന്നിൽ നിൽക്കുന്നത് അഭിഷേക് ശർമ്മയാണ്. 204.6 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത അഭിഷേക്, 31 ശരാശരിയിൽ 620 റൺസ് സ്വന്തമാക്കി. 6 അർധശതകങ്ങളാണ് താരത്തിന്റെ പേരിലുള്ളത്.
മറുവശത്ത് മികച്ച സ്ഥിരത പുലർത്തിയ ഇഷാൻ കിഷൻ 32 ശരാശരിയിൽ 640 റൺസ് നേടിയിട്ടുണ്ട്. 150.5 സ്ട്രൈക്ക് റേറ്റും 4 അർധശതകങ്ങളുമാണ് ഇഷാന്റെ സമ്പാദ്യം.
മൂന്ന് യുവതാരങ്ങളും തകർപ്പൻ ഫോമിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ കണക്കുകൾ. വരാനിരിക്കുന്ന നിർണ്ണായക ടി20 പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയ്ക്ക് വലിയ കരുത്താണ് ഈ പ്രകടനങ്ങൾ നൽകുന്നത്.
ഹൈദരാബാദിൽ അടിച്ച് തകർത്ത് ചേട്ടൻ
എന്നാൽ ഈ കണക്കുകളിലേക്ക് കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് സഞ്ജു നടത്തിയത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി റെക്കോർഡ് വേഗത്തിലാണ് താരം അർദ്ധസെഞ്ച്വറി തികച്ചത്.
മത്സരത്തിൽ വെറും 20 പന്തുകളിൽ നിന്നാണ് സഞ്ജു തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്.
പവർപ്ലേ ഓവറുകളിൽ വിൻഡീസ് ബൗളർമാരെ നിഷ്കരുണം പ്രഹരിച്ച താരം, റൊമാരിയോ ഷെപ്പേർഡിന്റെ പന്തിൽ ബൗണ്ടറി പായിച്ചാണ് ഈ നേട്ടത്തിലെത്തിയത്.
കവർ പോയിന്റിലൂടെയും എക്സ്ട്രാ കവറിലൂടെയും താരം അടിച്ചുകൂട്ടിയ ഷോട്ടുകൾ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. സഹതാരം അഭിഷേക് ശർമ്മയുൾപ്പെടെയുള്ളവർ സഞ്ജുവിന്റെ ബാറ്റിംഗിനെ അഭിനന്ദിച്ച് ഗ്രൗണ്ടിലേക്ക് എത്തി.
വിമർശകരേ ഇത് നിങ്ങൾ കാണുന്നില്ലേ
വിമർശകർ സഞ്ജുവിന്റെ ഫോമിനെക്കുറിച്ചും, സ്ഥിരതയില്ലായ്മയെയും വിമർശിക്കുമ്പോൾ ചേട്ടൻ ഗ്രണ്ടിൽ അതിനുള്ള കൃത്യമായ മറുപടി നൽക്കുന്നുണ്ട്. പരമ്പരയിലുടനീളം തകർപ്പൻ ഫോമിലുള്ള സഞ്ജുവിന്റെ ഈ പരമ്പരയിലെ രണ്ടാം അർദ്ധസെഞ്ച്വറിയാണിത്.
വൈഭവ് സൂര്യവംശിയെ പിന്തള്ളി ഇന്ത്യയുടെ സ്ഥിരതയുള്ള ഒന്നാം നമ്പർ ഓപ്പണറായി ടീമിൽ ഇടംനേടിയ സഞ്ജു, തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
രണ്ടാം ടി-20യിൽ 41 പന്തിൽ നിന്ന് 82 റൺസ് നേടിയ പ്രകടനത്തിന് പിന്നാലെയാണ് ഹൈദരാബാദിലും സഞ്ജു തന്റെ സാന്നിധ്യം ശക്തമായി അറിയിച്ചിരിക്കുന്നത്.


