ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ നിർണായകമായ അവസാന പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന്റെ മിന്നുന്ന ഫോമിൽ വൻ പ്രതീക്ഷയർപ്പിച്ച് ആരാധകരും ക്രിക്കറ്റ് ലോകവും.
പരമ്പരയിലെ നാലാം ടി20യിൽ സഞ്ജു പുറത്തെടുത്ത ആക്രമണ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അഭിഷേക് നായർ രംഗത്തെത്തി.
റോസ്റ്റൺ ചേസിനെതിരെയുള്ള ആസൂത്രിത നീക്കം
കഴിഞ്ഞ ഹൈദരാബാദ് ടി20യിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ കടന്നാക്രമണ ഇന്നിങ്സ് ടീമിന് വലിയ മുതൽക്കൂട്ടാണെന്ന് നായർ വ്യക്തമാക്കി.
ജിയോഹോട്ട്സ്റ്റാറിന്റെ ‘ഗെയിം പ്ലാൻ’ (Game Plan) എന്ന ഷോയിലാണ് അഭിഷേക് നായർ പ്രതികരിച്ചത്.
“ഇന്നിങ്സിന്റെ ആദ്യ ഓവറുകളിൽ തന്നെ ഓഫ് സ്പിന്നർ റോസ്റ്റൺ ചേസിനെതിരെ സ്ട്രൈക്ക് എടുക്കാനും അദ്ദേഹത്തിന്റെ പന്തുകൾ അതിർത്തി കടത്താനും സഞ്ജു കാണിച്ച ധൈര്യം മികച്ചൊരു തന്ത്രപരമായ നീക്കമായിരുന്നു.
അത്ഭുതപ്പെടുത്തുന്ന ബാലൻസും ആത്മവിശ്വാസവുമാണ് സഞ്ജു ബാറ്റിംഗിൽ പുലർത്തിയത്”എന്ന് അഭിഷേക് നായർ പറഞ്ഞു.
വെറും 23 പന്തുകളിൽ നിന്ന് 6 ഫോറുകളും 4 സിക്സറുകളും അടക്കം 56 റൺസാണ് സഞ്ജു അതിവേഗം അടിച്ചുകൂട്ടിയത്.
സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര ടി20 കണക്കുകൾ
68 ഇന്നിങ്സുകളിൽ നിന്ന് 1,719 റൺസാണ് താരം അടിച്ചു കൂട്ടിയിരിക്കുന്നത്. സഞ്ജുവിൻ്റെ സ്ട്രൈക്ക് റേറ്റ് വരുന്നത് 158.87 എന്ന നിലയിലാണ്. ഇതിൽ 3 സെഞ്ചുറികൾ ഉൾപ്പെടുന്നുണ്ട്.
അവസാന 20 ഇന്നിംഗ്സുകളിൽ ചേട്ടൻ തന്നെ താരം
ഇന്ത്യൻ ട്വന്റി-20 ടീമിലെ മുൻനിര ബാറ്റർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ അവസാന 20 ഇന്നിങ്സുകളിലെ പ്രകടനങ്ങൾ വിശകലനം ചെയ്യുന്ന പുതിയ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവന്നപ്പോൾ മിന്നി തിളങ്ങി മലയാളി താരം സഞ്ജു സാംസൺ.
റൺവേട്ടയിലും ശരാശരിയിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സഞ്ജു ഒന്നാം സ്ഥാനത്ത് തുടരുന്നത്.
അവസാന 20 ഇന്നിങ്സുകളിൽ നിന്ന് 33.5 ശരാശരിയിൽ 671 റൺസാണ് സഞ്ജു സാംസൺ അടിച്ചുകൂട്ടിയത്. 183.3 എന്ന വിനാശകരമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സഞ്ജുവിന്റെ സമ്പാദ്യത്തിൽ 7 അർധശതകങ്ങളും ഉൾപ്പെടുന്നു.
അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര നിലവിൽ 2-2 എന്ന നിലയിലാണ്. ഒക്ടോബർ 18-ന് ബെംഗളൂരുവിൽ നടക്കുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും കലാശപ്പോരാട്ടത്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വീണ്ടുമൊരു മികച്ച ഇന്നിങ്സ് പിറക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.


