ലണ്ടൻ: ഗെയിമിംഗ് ലോകത്തെ വമ്പൻ തരംഗമായ ഐഷോസ്പീഡുമായുള്ള (IShowSpeed) ഇ-സ്പോർട്സ് പന്തയത്തിൽ പരാജയപ്പെട്ടു.
ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ ‘SIIUUUU’ ആഘോഷവും,നായയുടെ കുരയും കൂട്ടിചേർത്ത് അടുത്ത ഗോൾ ആഘോഷിക്കാൻ ഒരുങ്ങി ആഴ്സണൽ താരം എബെറെച്ചി ഇസെ (Eberechi Eze)
. ‘EAFC 27’ ഗെയിമിൽ സ്പീഡിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെയാണ് ഇസെക്ക് ഈ വ്യത്യസ്തമായ ചലഞ്ച് ഏറ്റെടുക്കേണ്ടി വന്നത്.
61.7 ദശലക്ഷം യൂട്യൂബ് സബ്സ്ക്രൈബർമാരുള്ള സ്പീഡിന്റെ തത്സമയ യൂട്യൂബ് സ്ട്രീമിൽ പങ്കെടുത്തപ്പോഴാണ് കൗതുകകരമായ ഈ പോരാട്ടം നടന്നത്.
ആഴ്സണൽ താരങ്ങൾ ഉൾപ്പെടെ പ്രമുഖ ഫുട്ബോൾ താരങ്ങൾക്കെതിരെ സ്പീഡ് സംഘടിപ്പിച്ച ഗെയിമിംഗ് പരമ്പരയുടെ ഭാഗമായാണ് ഇസെയും കളത്തിലിറങ്ങിയത്.
ഗെയിമിലെ വിചിത്രമായ നിയമവും ആവേശപ്പോരാട്ടവും
മത്സരത്തിന്റെ തുടക്കത്തിൽ ആഴ്സണലിന് പകരം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി (PSG) തെരഞ്ഞെടുത്തതിന് ഇസെയോട് സ്പീഡ് കാരണം തിരക്കി.
റിയൽ ലൈഫിൽ ക്ലബ്ബിനായി എന്ത് ചെയ്യാനും തയ്യാറാണെങ്കിലും ഗെയിമിൽ ജയിക്കാൻ പിഎസ്ജി തന്നെയാണ് നല്ലതെന്നായിരുന്നു മുൻ ക്രിസ്റ്റൽ പാലസ് താരത്തിന്റെ മറുപടി.
മൂന്ന് മത്സരങ്ങളടങ്ങിയ പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ പിഎസ്ജിയെ ഇറക്കി ഇസെ 6-1 ന് സ്പീഡിന്റെ റയൽ മാഡ്രിഡിനെ തകർത്തു. എന്നാൽ രണ്ടാം മത്സരത്തിൽ ആഴ്സണലിനെ തെരഞ്ഞെടുത്ത ഇസെയെ, ബാഴ്സലോണയെ ഇറക്കി സ്പീഡ് 5-2 ന് തോൽപ്പിച്ചു.
നിർണ്ണായകമായ അവസാന പോരാട്ടത്തിൽ സ്പീഡ് ബയേൺ മ്യൂണിക്കിനെയും ഇസെ വീണ്ടും പിഎസ്ജിയെയും തെരഞ്ഞെടുത്തു.
മത്സരത്തിന്റെ 89-ാം മിനിറ്റിൽ സ്പീഡിനെതിരെ ഇസെ 4-4 ന് സമനില പിടിച്ചെങ്കിലും, കളിയിലെ അവസാന കിക്കിലൂടെ ഹാരി കെയ്ൻ നേടിയ ഗോളിൽ സ്പീഡ് അവിശ്വസനീയ വിജയം സ്വന്തമാക്കുകയായിരുന്നു.
സോഷ്യൽ മീഡിയ കാത്തിരിക്കുന്ന ആ വിചിത്ര ആഘോഷം
തകർപ്പൻ വിജയത്തിന് പിന്നാലെ ഇസെക്ക് സ്പീഡ് വിചിത്രമായ ഒരു ചലഞ്ച് മുന്നോട്ടുവെച്ചു. അടുത്ത മത്സരത്തിൽ ഗോൾ നേടിയ ശേഷം തന്റെ പതിവ് ആഘോഷത്തോടൊപ്പം ഒരു ‘ട്വിർക്ക്’ കൂടി ചേർക്കണമെന്നായിരുന്നു സ്പീഡിന്റെ ആവശ്യം. എന്നാൽ ഇസെ ഇത് പെട്ടെന്ന് തന്നെ നിരസിച്ചു.
തുടർന്ന് ഇരുവർക്കുമിടയിൽ നടന്ന ധാരണ പ്രകാരം, അടുത്ത തവണ മൈതാനത്ത് ഗോൾ വല കുലുക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ ‘SIIUUUU’ ആഘോഷം നടത്താനും, അതിന് ശേഷം ആരാധകർക്ക് നേരെ നോക്കി നായയെപ്പോലെ കുരയ്ക്കാനും ഇസെ സമ്മതിക്കുകയായിരുന്നു
ആഴ്സണലിനായി അടുത്ത മത്സരത്തിൽ ഇസെ ഗോൾ നേടുമ്പോൾ ഈ വേറിട്ട ആഘോഷം കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ.


