ന്യൂഡല്ഹി: ‘തിരംഗ മോര്ച്ച’ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും നടപടികളുമായി അധികാരികൾ. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പരിപാടി നിശ്ചയിച്ചിരുന്ന കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്ക് ന്യൂഡല്ഹി മുനിസിപ്പല് കൗണ്സില് (എന്.ഡി.എം.സി) രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടി.
പാര്ക്ക് അടച്ചുപൂട്ടിയ ഭരണകൂട നടപടിയെ രൂക്ഷമായി വിമര്ശിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാര്ട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി.
തങ്ങള് പ്രതിഷേധം സംഘടപ്പിക്കുന്ന എല്ലാ പൊതുസ്ഥലങ്ങളും അടച്ചുപൂട്ടാന് അധികാരികള്ക്ക് കഴിയില്ലെന്ന് മുന്നറിയിപ്പ് നല്കിയ ദിപ്കെ, ദേശീയ പതാകയോടുള്ള സര്ക്കാരിന്റെ സമീപനത്തെയും ചോദ്യം ചെയ്തു.
‘വെള്ളിയാഴ്ച ഞങ്ങള് സമാധാനപരമായി സെന്ട്രല് പാര്ക്കില് പോയി ദേശീയ പതാക വീശുക തന്നെ ചെയ്യും. ഈ രാജ്യത്തെ പൗരന്മാര് ത്രിവര്ണ പതാക ഉയര്ത്തുന്നത് കുറ്റകൃത്യമായി കാണുന്നവരാണ് യഥാര്ത്ഥ രാജ്യദ്രോഹികള്.
ഈ രാജ്യത്ത് ദേശീയ പതാക വീശിയതിന് ജയിലില് പോകേണ്ടി വന്നാല് അതിനും ഞങ്ങള് തയ്യാറാണ്. നാളെ ഞങ്ങള് 100 കേന്ദ്രങ്ങളില് പതാക വീശുമെന്ന് പറഞ്ഞാല്, ആ 100 സ്ഥലങ്ങളും നിങ്ങള് അടച്ചുപൂട്ടുമോ?’ എന്ന് അഭിജീത് ദിപ്കെ ചോദിച്ചു.
തന്റെ താമസസ്ഥലം വളഞ്ഞ് പൊലീസ്
തന്റെ താമസസ്ഥലം മഫ്തിയിലുള്ള പൊലീസുകാര് വളഞ്ഞിരിക്കുകയാണെന്നും വെള്ളിയാഴ്ച പുലര്ച്ചെയോടെ തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സി.ജെ.പി സ്ഥാപകന് വ്യാഴാഴ്ച രാത്രി വൈകി നടത്തിയ വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
വെള്ള നിറത്തിലുള്ള സ്കോര്പ്പിയോ കാറിലെത്തിയ പോലീസ് സംഘം തന്നെ നിരന്തരമായി പിന്തുടരുകയാണെന്നും അദ്ദേഹം ‘എക്സ്’ (ട്വിറ്റർ) പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു.
ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഡൽഹിയിലെ ഇപ്പോഴത്തെ നടപടികളെന്നും, എന്തുവിലകൊടുത്തും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നുമുള്ള നിലപാടിലാണ് സി.ജെ.പി നേതൃത്വം.


