വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്.
വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.
നായകൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 50 പന്തിൽ പുറത്താകാതെ 102 റൺസാണ് ഹോപ്പ് നേടിയത്
ഒരു ടി-20 പരമ്പരയിൽ ഒന്നിലധികം സെഞ്ച്വറികൾ നേടുന്ന ആദ്യ ക്യാപ്റ്റനാണ് ഹോപ്പ്. റാഞ്ചിയിൽ നടന്ന രണ്ടാം ടി-20യിലും ഹോപ്പ് സെഞ്ച്വറി നേടിയിരുന്നു. ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റാഞ്ചിയിൽ റെക്കോർഡ് റൺ ചെയ്സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്.
ഇന്ത്യക്കെതിരെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഷായ് ഹോപ്പ്. ഏകദിനത്തിൽ ഇന്ത്യക്കെതിരെ അഞ്ച് സെഞ്ച്വറികൾ നേടിയ ഹോപ്പ് ടെസ്റ്റിൽ ഒരു സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ഹോപ്പിന് മുമ്പ് ഇന്ത്യക്കെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഒരേയൊരു താരം മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ ആണ്.
മത്സരത്തിൽ വിൻഡീസ് ബൗളിംഗിൽ കീമോ പോളിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് (41 റൺസിന് 5 വിക്കറ്റ്) കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയെ തടഞ്ഞുനിർത്തിയത്. ഗുഡാകേഷ് മോട്ടിയും വിൻഡീസിനായി മികച്ച ബോളിങ് കാഴ്ചവെച്ചു.
248 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മലയാളി സൂപ്പർ താരം സഞ്ജു സാംസൺ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 20 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു 23 പന്തിൽ 56 റൺസെടുത്ത് പുറത്തായി. ഒടുവിൽ നിതീഷ് കുമാർ റെഡ്ഡിയും (41), തിലക് വർമ്മയും (43) പൊരുതിയെങ്കിലും വിജയതീരമണിയാൻ ഇന്ത്യക്കായില്ല.


