സൗത്ത് ആഫ്രിക്കൻ ടി-20 ക്രിക്കറ്റിൽ അവിശ്വസനീയമായ ബൗളിങ് പ്രകടനവുമായി ക്വാസുലു നതാൽ ഇൻലാൻഡ് തസ്കേഴ്സ് (Tuskers) പേസർ ചാഡ് ലേയ്കോക്ക്. ഒരു ടി-20 മത്സരത്തിലെ ഒരൊറ്റ ഓവറിൽ തുടർച്ചയായി നാല് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ സൗത്ത് ആഫ്രിക്കൻ താരമെന്ന ചരിത്രനേട്ടമാണ് ചാഡ് സ്വന്തമാക്കിയത്.
ഇതിനൊപ്പം ഒരോവറിൽ അഞ്ച് വിക്കറ്റും ആകെ ആറ് വിക്കറ്റുകളും പിഴുത് ലേയ്കോക്ക് ഇരട്ട റെക്കോർഡുകൾ തന്റെ പേരിലാക്കി.
സി.എസ്.എ ടി-20 ചലഞ്ച് 2026-ൽ ടൈറ്റൻസിനെതിരായ മത്സരത്തിലാണ് തസ്കേഴ്സ് താരമായ ചാഡ് ലേയ്കോക്കിന്റെ ഈ മാസ്മരിക ബൗളിങ് പിറന്നത്.
ഒരു ഓവറിൽ 5 വിക്കറ്റുകൾ!
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസിനെതിരെ 18-ാം ഓവറിലാണ് താരം ഈ ചരിത്ര പ്രകടനം കാഴ്ചവെച്ചത്.
ഓവറിലെ ആദ്യ പന്തിൽ ലീയസ് ഡു പ്ലൂയിയെ (2) ബൗൾഡാക്കിയാണ് ലേയ്കോക്ക് തുടക്കമിട്ടത്.
രണ്ടാം പന്തിൽ ഡയ്യാൻ ഗലീം രണ്ട് റൺസ് നേടി.
എന്നാൽ മൂന്നാം പന്ത് മുതൽ കളിമാറി. തുടർച്ചയായ നാല് പന്തുകളിൽ ഗലീം, അഫീ ന്വാണ്ട, ജംഗോ സ്മിത്ത്, എസോസ ഐഹെബ എന്നിവരെ പുറത്താക്കി ചാഡ് കളം നിറഞ്ഞു.
ഇതോടെ ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഓവറിൽ 5 വിക്കറ്റ് നേടുന്ന അപൂർവ്വ താരങ്ങളുടെ പട്ടികയിലേക്ക് ചാഡ് ലേയ്കോക്ക് ചേക്കേറി. നേരത്തെ ടൈറ്റൻസ് ഓപ്പണർ ലുവാൽ ഡ്രെ പ്രട്ടോറിയസിനെയും ലേയ്കോക്ക് പുറത്താക്കിയിരുന്നു. നാല് ഓവറിൽ വെറും 26 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് താരം അക്കൗണ്ടിലാക്കിയത്.
മത്സരഫലം: ജയം ടൈറ്റൻസിന്
ലേയ്കോക്കിന്റെ അവിശ്വസനീയ ബൗളിങ് പ്രകടനം പുറത്തെടുതെങ്കിലും മത്സരത്തിൽ 21 റൺസിന്റെ ജയം ടൈറ്റൻസ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് 19.5 ഓവറിൽ 204 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
36 പന്തിൽ 81 റൺസ് അടിച്ചുകൂട്ടിയ ലുവാൽ ഡ്രെ പ്രട്ടോറിയസാണ് ടൈറ്റൻസിന് കരുത്തായത്.
205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ തസ്കേഴ്സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടാനേ സാധിച്ചുള്ളൂ. തസ്കേഴ്സിനായി മൈക്കേൽ ഏർലാങ് 33 പന്തിൽ 56 റൺസെടുത്ത് മികച്ച പോരാട്ടം കാഴ്ചവെച്ചു.


