ചാമ്പ്യൻസ് ലീഗിൽ തുർക്കിഷ് ക്ലബ്ബായ ഗലാറ്റസരെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞ ബാഴ്സലോണയുടെ വിജയത്തിന് പിന്നാലെ, എതിർ താരം മാരിയോ ലെമിനയ്ക്ക് ചുട്ട മറുപടിയുമായി ലാമിൻ യമാൽ.
മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ‘മാൻ ഓഫ് ദി മാച്ച്’ (MVP) അവാർഡും നേടിയാണ് ബാഴ്സയുടെ കൗമാര താരം പിച്ചിൽ മറുപടി നൽകിയത്.
മത്സരത്തിന് മുന്നോടിയായി ഗലാറ്റസരെയുടെ ഗാബൺ താരം മാരിയോ ലെമിന നടത്തിയ ചില പരാമർശങ്ങളാണ് ഈ പോരിന് വഴിവെച്ചത്.
ജർമ്മൻ താരം ലെറോയ് സാനെയോ അതോ ലാമിൻ യമാലോ, ഇവരിൽ ആരെയാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് “ആരാണ് ലാമിൻ യമാൽ? എനിക്ക് അങ്ങനെ ഒരാളെ അറിയില്ല, എനിക്ക് സാനെയെ അറിയാം” എന്നായിരുന്നു ലെമിനയുടെ പുച്ഛത്തോടെയുള്ള മറുപടി.
സോഷ്യൽ മീഡിയയിലെ മറുപടി
മത്സരത്തിൽ ഗലാറ്റസരെയെ തരിപ്പണമാക്കിയ ശേഷം യമാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ച് ലെമിനയെ പരോക്ഷമായി കളിയാക്കി.
കളിയിലെ മികച്ച താരത്തിനുള്ള അവാർഡുമായി നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം “അയാൾക്ക് എന്നെ ഇപ്പോൾ അറിയാമോ?” (Does he know me now?) എന്ന ട്രോളാണ് യമാൽ പങ്കുവെച്ചു.
എറിക് ഗാർസിയയുടെ പ്രതികരണം:
മത്സരശേഷം സംസാരിച്ച ബാഴ്സലോണ പ്രതിരോധ താരം എറിക് ഗാർസിയയും ലെമിനയെ പരിഹസിച്ചു. “യമാലിന് കളിയിൽ മികവ് കാട്ടാൻ പ്രത്യേകിച്ച് മറ്റ് പ്രചോദനങ്ങളുടെയൊന്നും ആവശ്യമില്ല.
എങ്കിലും ചിലപ്പോഴൊക്കെ ആളുകൾ അവന് അനാവശ്യമായി ഊർജ്ജം നൽകും. അവർ അവനെ അറിയില്ലെന്ന് പറഞ്ഞ് സംസാരിക്കാൻ തുടങ്ങും, ഒടുവിൽ കളി കഴിയുമ്പോൾ അവൻ എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കി അവന്റെ ആരാധകരായി മാറും,” ഗാർസിയ പറഞ്ഞു.
ആരെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “അയാൾക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലായിട്ടുണ്ടാകും!” എന്ന് ചിരിച്ചുകൊണ്ട് ഗാർസിയ കൂട്ടിച്ചേർത്തു.


