ഇന്ത്യ-ന്യൂസീലൻഡ് പരമ്പരയിലെ മത്സരങ്ങൾ ആവേശകരമായി മുന്നേറുമ്പോൾ, വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകം.
മൂന്ന് ഫോർമാറ്റുകളിലായി നടക്കുന്ന ഈ പരമ്പരയിലെ അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപ്പണികൾക്ക് സാധ്യതയുണ്ട്. എവേ പരമ്പരയായതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ നിർണായകമായ ടെസ്റ്റ് പരമ്പര കൂടി നടക്കാനുണ്ട്. ഈ സാഹചര്യത്തിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലടക്കമുള്ള പ്രമുഖ താരങ്ങൾ ടെസ്റ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിശ്രമത്തിലേക്ക് പോകും.
ഇതോടെ അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത് ശ്രേയസ് അയ്യരായിരിക്കും.
ഓപ്പണിങ് നിരയിൽ മാറ്റങ്ങൾ
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ബാക്കപ്പ് ഓപ്പണർ യശസ്വി ജയ്സ്വാളും ടെസ്റ്റ് മുന്നൊരുക്കത്തിനായി മാറുന്നതോടെ, ഇന്ത്യയുടെ ഓപ്പണിങ് റോളിൽ പുതിയ മുഖങ്ങളെത്തും.
രോഹിത് ശർമയ്ക്കൊപ്പം ഇഷാൻ കിഷൻ മൂന്നാം മത്സരത്തിൽ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.
ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേട്ടത്തിന്റെ കരുത്തുള്ള ഇഷാൻ കിഷന്റെ സമീപകാല ഫോമും ടീമിന് മുതൽക്കൂട്ടാണ്.
മൂന്നാം നമ്പറിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന വിരാട് കോഹ്ലി തന്നെ കളിക്കും. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന കോഹ്ലിയുടെ പ്രകടനം ഇന്ത്യക്ക് അതിനിർണായകമാണ്.
മധ്യനിരയിലും സഞ്ജുവിന്റെ തിരിച്ചുവരവിലും പ്രതീക്ഷ
നാലാം നമ്പറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ കളിക്കും. ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമല്ലാത്ത ശ്രേയസ് നായകന്റെ തൊപ്പിയണിഞ്ഞാകും ടീമിനെ നയിക്കുക.
ശ്രേയസിന്റെ അഭാവത്തിൽ മുൻപ് നാലാം നമ്പരിൽ കളിച്ച റുതുരാജ് ഗെയ്ക്വാദ് അവസാന രണ്ട് ഏകദിനങ്ങളിൽ അഞ്ചാം നമ്പറിലേക്ക് ഇറങ്ങിയേക്കും.
ഏറെ നാളായി ഏകദിന ടീമിന് പുറത്തുനിൽക്കുന്ന മലയാളി താരം സഞ്ജു സാംസൺ ആറാം നമ്പരിൽ വിക്കറ്റ് കീപ്പറായി ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവസാനമായി ദക്ഷിണാഫ്രിക്കയിൽ കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടി തിളങ്ങിയ സഞ്ജുവിന് ഈ അവസരം നിർണായകമാണ്. ഏഴാം നമ്പരിൽ ഓൾറൗണ്ടർ അക്ഷർ പട്ടേലും സ്ഥാനം പിടിക്കും.
ബോളിങ് നിരയിലെ യുവതാരങ്ങൾ
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെല്ലാം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശ്രമമെടുക്കും.
ഹാർദിക് പാണ്ഡ്യയും ഹർഷിത് റാണയും പരിക്കിന്റെ പിടിയിലായതിനാൽ ടീമിൽ ഉൾപ്പെട്ടേക്കില്ല.
ഈ സാഹചര്യത്തിൽ പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്ദീപ് സിങ് എന്നിവരടങ്ങുന്ന യുവ പേസ് നിരയായിരിക്കും ഇന്ത്യക്കായി പന്തെറിയുക. സ്പിൻ നിരയിൽ കുൽദീപ് യാദവും ഇടംനേടും.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ:
രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്ദീപ് സിങ്.


