ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ആളിക്കത്തുന്നു.
ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകളായ എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. എന്നിവയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഡൽഹിയിൽ മിന്നൽ സമരം സംഘടിപ്പിച്ചു.
പ്രതിഷേധം പോലീസ് തടഞ്ഞതോടെ വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് കൊണാട്ട് പ്ലേസിലും ജന്തർമന്തർ പരിസരത്തും മണിക്കൂറുകളോളം വൻ സംഘർഷാവസ്ഥ നിലനിന്നു.
സംഭവിച്ചത് ഇങ്ങനെ:
പൊലീസ് ബലപ്രയോഗം:
സൻസദ് മാർഗിലേക്ക് നീങ്ങിയ മാർച്ച് തടഞ്ഞ ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) പ്രതിഷേധക്കാരെ റോഡിലൂടെ ബലമായി വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളിൽ കയറ്റിയത്.
കൊണാട്ട് പ്ലേസിലും പ്രതിഷേധം:
എൻ.എസ്.യു.ഐ. പ്രവർത്തകർ കൊണാട്ട് പ്ലേസ് കേന്ദ്രീകരിച്ച് വെവ്വേറെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
റോഡ് ഉപരോധം:
കൊണാട്ട് പ്ലേസിൽനിന്ന് ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയായ ജൻപഥ് റോഡിന്റെ പ്രവേശനഭാഗത്ത് പ്രവർത്തകർ കുത്തിയിരുന്ന് ഉപരോധിച്ചു.
ബാരിക്കേഡുകൾ മറിച്ചിട്ടു:
ജന്തർ മന്തർ സമരങ്ങൾക്കായി തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ പോലീസിന്റെ ബാരിക്കേഡുകൾ മറിച്ചിടാനും പോലീസ് വാഹനങ്ങൾക്ക് മുകളിൽ കയറിനിന്ന് മുദ്രാവാക്യം വിളിക്കാനും ശ്രമിച്ചു.
സമരത്തെത്തുടർന്ന് ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രതിഷേധസാധ്യത കണക്കിലെടുത്ത് മുൻകൂട്ടി വിന്യസിച്ചിരുന്ന കേന്ദ്രസേന സ്ഥലത്തെത്തിയാണ് രംഗം തണുപ്പിച്ചത്.


