പൂനെ: ഐ.എസ്.എൽ പുതിയ സീസണിന്റെ തുടക്കത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആഷ്ലി വെസ്റ്റ്വുഡിന്റെ വാക്കുകളിൽ നിറഞ്ഞത് കടുത്ത അതൃപ്തി.
മത്സരത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ അദ്ദേഹം പിച്ചിന്റെ മോശം അവസ്ഥയെയും താരങ്ങളുടെ ഫിറ്റ്നസിനെയും രൂക്ഷമായി വിമർശിച്ചു.
പിച്ചും റഫറിയിംഗും മോശം: വെസ്റ്റ്വുഡ്
മൂന്ന് പോയിന്റും ക്ലീൻ ഷീറ്റും നേടിയതിൽ സന്തോഷമുണ്ടെങ്കിലും, ആധികാരികമായ ഒരു ക്ലീൻ ഷീറ്റ് അർഹിക്കുന്ന കളിയായിരുന്നില്ല അതെന്ന് വെസ്റ്റ്വുഡ് വ്യക്തമാക്കി.
“സത്യം പറഞ്ഞാൽ, ഈ കളിയിൽ ഒരു ക്ലീൻ ഷീറ്റ് ഞങ്ങൾ അർഹിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഞാൻ സംശയിക്കും. കാരണം അത്രമാത്രം മോശമായ പിച്ചിലായിരുന്നു ഞങ്ങൾ കളിച്ചത്.
റഫറിമാരിൽ നിന്ന് യാതൊരു പ്രൊട്ടക്ഷനും ഞങ്ങൾക്ക് ലഭിച്ചില്ല. ഗ്രൗണ്ടിൽ നിരന്തരം ഫൗളുകൾ നടന്നിട്ടും എനിക്ക് കിട്ടിയ മഞ്ഞക്കാർഡല്ലാതെ കളിയിൽ വേറെ കാർഡുകളൊന്നും ഞാൻ കണ്ടില്ല! ഈ പോക്ക് കണ്ടിട്ട് ഇതൊരു നീണ്ട സീസൺ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.”
ലൂണയുടെ അഭ്യുഹങ്ങൾക്ക് വിരാമം
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് കോച്ച് വ്യക്തമായ മറുപടി നൽകി.
ലൂണയ്ക്ക് പരിക്കല്ല, മറിച്ച് ഉപ്പൂറ്റിയിലുണ്ടായ വലിയ കുമിളകളാണ് (Blisters) വില്ലനായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
“ലൂണയുടെ ഉപ്പൂറ്റിയിൽ രണ്ട് വലിയ ബ്ലിസ്റ്റേഴ്സ് വന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന് പരിശീലിക്കാൻ പറ്റിയിരുന്നില്ല.
മുറിവിലേക്ക് വായു കടക്കാൻ വേണ്ടി ചെരുപ്പിട്ടാണ് അദ്ദേഹം നടന്നിരുന്നത് പോലും.
ആ സമയത്ത് പൂനെയിലെ ഈ പരുക്കൻ പിച്ചിലേക്ക് നോക്കിയപ്പോൾ, അദ്ദേഹത്തെ കളിപ്പിച്ച് വെറുതെ റിസ്ക് എടുക്കേണ്ടതില്ലെന്ന് എനിക്ക് തോന്നി.
മുറിവുരഞ്ഞ് ഇൻഫെക്ഷനായാൽ അടുത്ത ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരും. എന്നാൽ ഇപ്പോൾ വിശ്രമം നൽകിയതോടെ തിങ്കളാഴ്ച മുതൽ ലൂണയ്ക്ക് പൂർണ്ണ ഫിറ്റ്നസോടെ ട്രെയിനിംഗിൽ പങ്കെടുക്കാം.”
സനാന്റെ ഫിറ്റ്നസിനെതിരെ കടുത്ത വിമർശനം
പ്രസ്സ് കോൺഫറൻസിൽ ഏവരെയും ഞെട്ടിച്ചത് മലയാളി താരം മുഹമ്മദ് സനാനെക്കുറിച്ചുള്ള വെസ്റ്റ്വുഡിന്റെ തുറന്നപറച്ചിലാണ്. സാധാരണ കോച്ചുകൾ പറയാൻ മടിക്കുന്ന സത്യമാണ് അദ്ദേഹം പരസ്യമാക്കിയത്.
“രണ്ടാം പകുതിയിൽ 1-0 ന് മുന്നിൽ നിന്നപ്പോൾ എനിക്ക് വേണമെങ്കിൽ കൂടുതൽ ഡിഫൻഡർമാരെ വെച്ച് കളി പൂട്ടിയിടാമായിരുന്നു. പക്ഷേ എനിക്ക് താരങ്ങൾക്ക് മാച്ച് ടൈം നൽകണമായിരുന്നു, അവരെ ഫിറ്റാക്കണമായിരുന്നു.
ഇന്ത്യൻ ക്യാമ്പിൽ നിന്നെത്തിയ സനാൻ ഈ ക്ലബ്ബിലെ ഏറ്റവും അൺഫിറ്റായ പ്ലെയറാണ്! നാഷണൽ ടീം ക്യാമ്പിൽ ഇത്രയും നാൾ പരിശീലിച്ചിട്ട് അവൻ അവിടെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല,
അത്രയും ദയനീയമായ കണ്ടീഷനിലാണ് അവൻ തിരിച്ചെത്തിയത്. അവന് ഇനിയും മിനിറ്റുകൾ വേണം, കഠിനമായി അധ്വാനിക്കണം.”
അതോടൊപ്പം, എബിൻദാസും സ്വാഭാവികമായി അത്ര ഫിറ്റല്ലെങ്കിലും അവന് നല്ലൊരു മനസ്സുണ്ടെന്നും അതുകൊണ്ടാണ് കളി കൂടുതൽ ഓപ്പൺ ആകുമെന്ന് അറിഞ്ഞിട്ടും അവരെയൊക്കെ കളത്തിലിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോമോ യാൻസാനെയുടെ ആത്മാർത്ഥതയെ വാനോളം പുകഴ്ത്തി കോച്ച്
മത്സരത്തിന് തലേദിവസം രാത്രി മാത്രം ഹോട്ടലിലെത്തി, നീണ്ട 22 മണിക്കൂർ യാത്രയുടെ ക്ഷീണം വകവെക്കാതെ കളിക്കാൻ വാശിപിടിച്ച വിദേശ താരം മോമോ യാൻസാനെയെ വെസ്റ്റ്വുഡ് അഭിനന്ദിച്ചു.
രണ്ടാം പകുതിയിൽ അദ്ദേഹത്തെ ഇറക്കാൻ പാടില്ലായിരുന്നുവെങ്കിലും ടീമിന് ഒരു സ്പാർക്ക് വേണമെന്ന് തോന്നിപ്പിച്ചതുകൊണ്ട് ഇറക്കുകയായിരുന്നുവെന്നും, താരം വന്നു ഉടൻ തന്നെ ആന്ദ്രേ ഗ്രീനിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്തതായി കോച്ച് പറഞ്ഞു.
വരുന്ന ആഴ്ചകളിൽ പുതിയ കോച്ചിംഗ് സ്റ്റാഫുകളും ഡിഫൻഡർ ഫാലുവും ടീമിനൊപ്പം ചേരുന്നതോടെ, പൂർണ്ണ സജ്ജനായ അഡ്രിയാൻ ലൂണയുടെയും ഫിറ്റ്നസ് വീണ്ടെടുത്ത താരങ്ങളുടെയും സാന്നിധ്യത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ
കൂടുതൽ ശക്തമായ കേരള ബ്ലാസ്റ്റേഴ്സിനെ മൈതാനത്ത് കാണാൻ സാധിക്കുമെന്ന് വെസ്റ്റ്വുഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.


