മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച തീരുമാനം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിനായി ആരാധകരും ടീമും തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ പെട്ടെന്നുള്ള പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെയും വിദഗ്ദ്ധരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു.
എന്നാൽ വിരാട് കോലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അന്നത്തെ ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റവും അവഗണനയുമാണെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ജാഫർ നിർണായക വെളിപ്പെടുത്തൽ നടത്തിയത്:
“കോലിക്ക് കുറച്ചുകാലം കൂടി ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ശേഷിയുണ്ടായിരുന്നു. എന്നാൽ തന്നോട് പെരുമാറിയ രീതിയിൽ അദ്ദേഹം അല്പം അമർഷത്തിലും കയ്പ്പിലുമായിരുന്നുവെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
മൈതാനത്തേക്ക് ആരാധകരെ ആകർഷിക്കാൻ കഴിവുള്ള വലിയ സ്വാധീനമുള്ള താരമാണ് കോലി.
ഇംഗ്ലണ്ട് പര്യടനത്തിനായി അദ്ദേഹം മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നുമുണ്ടായിരുന്നു. കോലി സ്വന്തം വായകൊണ്ട് ഇക്കാര്യം പറയുന്നതുവരെ നമുക്ക് യഥാർത്ഥ കാരണം പൂർണ്ണമായി അറിയാൻ കഴിയില്ലെങ്കിലും,
സെലക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ നീതികേടിൽ അദ്ദേഹം അസംതൃപ്തനായിരുന്നു. സീനിയർ താരങ്ങളോട് കുറച്ചുകൂടി മര്യാദയോടും നയപരമായും പെരുമാറാമായിരുന്നു.” എന്ന് വസീം ജാഫർ പറഞ്ഞു.
കൈവിട്ടുപോയ വമ്പൻ റെക്കോർഡുകൾ
125 ടെസ്റ്റ് മത്സരങ്ങൾ എന്ന ചരിത്ര നേട്ടത്തിലെത്താൻ വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോലി റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് പടയിറങ്ങിയത്.
സുനിൽ ഗാവസ്കർക്ക് ശേഷം 10,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകാൻ അദ്ദേഹത്തിന് വെറും 770 റൺസ് മാത്രമായിരുന്നു ആവശ്യമായിരുന്നത്.
കൂടാതെ അഞ്ച് സെഞ്ചുറികൾ കൂടി നേടിയിരുന്നെങ്കിൽ ടെസ്റ്റിൽ 35 സെഞ്ചുറികൾ തികയ്ക്കുന്ന ലോകത്തിലെ എട്ടാമത്തെ ബാറ്ററായും വിരാട് മാറുമായിരുന്നു.
അവസാന ടെസ്റ്റ് പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 23.75 ശരാശരിയിൽ 190 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്.
ഈ താളപ്പിഴയും ഒപ്പം മാനേജ്മെന്റിന്റെയും സെലക്ഷൻ കമ്മിറ്റിയുടെയും ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മുൻ ഇന്ത്യൻ നായകനെ നയിച്ചതെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവിലയിരുത്തൽ.


