ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി-20 ഇന്ന് നടക്കും. നിലവിൽ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ വിജയം മാത്രമായിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം.
ഈ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ഒരു പുതിയ നാഴികക്കല്ല് പിന്നിടാനാവും. രണ്ട് സിക്സുകൾ കൂടി നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ 100 സിക്സുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് സഞ്ജുവിന് സ്വന്തമാക്കാം.
രോഹിത് ശർമ്മ, വിരാട് കോലി, ഹർദിക് പാണ്ഡ്യാ, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി 100 സിക്സുകൾ നേടിയിട്ടുള്ളത്.
റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ 41 പന്തുകളിൽ നിന്നും 82 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയാണ് സഞ്ജു റാഞ്ചിയെ കോരിത്തരിപ്പിച്ചത്. 18 റൺസകലെയാണ് സഞ്ജുവിന് ഇന്ത്യൻ ജേഴ്സിയിലെ നാലാം സെഞ്ച്വറി നഷ്ടമായത്.
രണ്ടാം ടി-20യിൽ ഇന്ത്യ വലിയ ടോട്ടൽ സ്വന്തമാക്കിയിട്ടും ഇന്ത്യ വിൻഡീസിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് വിജയം പിടിച്ചെടുത്തത്. ടി-20യിൽ ഇന്ത്യക്കെതിരെയുള്ള വിൻഡീസിന്റെ എക്കാലത്തെയും ഉയർന്ന റൺ ചേസാണിത്.
45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.


