ഇന്ത്യക്കെതിരെ രണ്ടാം ടി-20യിൽ സെഞ്ച്വറി നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ഇതിഹാസം കെവിൻ പീറ്റേഴ്സൺ. ഐപിഎൽ മിനി ലേലത്തിൽ ഹോപ്പ് പേര് നൽകുകയാണെകിൽ വലിയ ടീമുകൾ ബിഡ് ചെയ്യുമെന്നാണ് പീറ്റേഴ്സൺ എക്സിൽ കുറിച്ചത്.
‘ഷായ് ഹോപ്പ് ഐപിഎൽ ലേലത്തിൽ തന്റെ പേര് നൽകുകയാണെകിൽ ചില ടീമുകൾ അദ്ദേഹത്തിനായി രംഗത്തെത്തും’ കെവിൻ പീറ്റേഴ്സൺ എക്സിൽ കുറിച്ചു.
ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി-20യിൽ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്.

ഇന്ത്യക്കെതിരെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഷായ് ഹോപ്പ്. ഏകദിനത്തിൽ ഇന്ത്യക്കെതിരെ അഞ്ച് സെഞ്ച്വറികൾ നേടിയ ഹോപ്പ് ടെസ്റ്റിൽ ഒരു സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ഹോപ്പിന് മുമ്പ് ഇന്ത്യക്കെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഒരേയൊരു താരം മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ ആണ്.
ടി-20യിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിൻഡീസ് താരവുമാണ് ഹോപ്പ്. എവിൻ ലൂയിസാണ് ആദ്യ താരം.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി-20 ഇന്നാണ് നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ വിജയം മാത്രമായിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം.


