ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചതിന് പിന്നാലെ അർജന്റീനക്ക് വേണ്ടി എപ്പോഴും കളിക്കാൻ ആഗ്രഹമുണ്ടെന്ന് ലയണൽ മെസ്സി. എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്നും മെസി വ്യക്തമാക്കി. ഡയറിയോ എ.എസിന് നൽകിയ അഭിമുഖത്തിൽ ആണ് മെസ്സി അർജന്റീനയോടുള്ള തന്റെ സ്നേഹം വ്യക്തമാക്കിയത്.
‘എന്നും അർജന്റീനയ്ക്ക് വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ എടുത്ത ഈ തീരുമാനം ശരിയാണെന്ന് എനിക്കുറപ്പുണ്ട്. ഞാൻ ദൈവത്തിന് എപ്പോഴും നന്ദി പറയുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഈ നിലയിൽ എത്തുമായിരുന്നില്ല’ മെസ്സി പറഞ്ഞു.
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.
രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്.

2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ തിളക്കമുള്ള ഏടാണ്. രാജ്യത്തിനായി 36 വർഷത്തെ ലോകകപ്പ് കാത്തിരിപ്പാണ് മെസ്സി അവസാനിപ്പിച്ചത്.
കൂടാതെ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനൽസിമ, 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവയും അദ്ദേഹത്തിന്റെ ട്രോഫി കാബിനറ്റിനെ സമ്പന്നമാക്കുന്നു.
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും മെസ്സി ക്ലബ് ഫുട്ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നത് തുടരും.


