ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും ഇടം നേടിയ ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ഭുവനേശ്വർ കുമാറിനെ ടീമിൽ എടുത്ത വാർത്ത പ്രഖ്യാപിച്ചപ്പോൾ തന്റെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നുവെന്നാണ് രഹാനെ പറഞ്ഞത്. അജിത് അഗാർക്കറിന് ശേഷം താത്കാലിക ചീഫ് സെക്ടർ പ്രഖ്യാൻ ഓജയുടെ ചീഫ് സെലക്ഷൻ കമ്മിറ്റിയെയും രഹാനെ പ്രശംസിച്ചു.
‘സത്യം പറഞ്ഞാൽ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഭുവിയുടെ കാര്യത്തിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഈ വാർത്ത പ്രഖ്യാപിച്ചപ്പോൾ എന്റെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇത്തരമൊരു തീരുമാനം എടുത്ത സെലക്ടർമാരെ ഞാൻ അഭിനന്ദിക്കുന്നു. 36 വയസ്സ് മുതൽ 38 വയസ്സ് വരെ പ്രായമുള്ള മറ്റു താരങ്ങൾക്കും ഇത് വലിയ പ്രചോദനമാകും. കഠിനാധ്വാനം ചെയ്താൽ ഈ പ്രായത്തിലും ടീമിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു.
കഴിഞ്ഞ മൂന്ന് നാല് വർഷമായി അദ്ദേഹം കളിക്കുന്ന രീതി നോക്കുക. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം കാണിക്കുന്ന ആവേശവും ആത്മാർത്ഥതയും നമ്മൾ കണ്ടതാണ്. അദ്ദേഹം എപ്പോഴും 100% പരിശ്രമിക്കുന്ന താരമാണ്. ടീമിൽ നിന്നും പുറത്തായപ്പോൾ അദ്ദേഹം നിരാശയിൽ തളർന്നില്ല. പകരം തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു. സാധാരണയായി ഒരു കളിക്കാരൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ അയാൾക്ക് നിരാശ തോന്നും. എന്നാൽ തന്റെ കഠിനാധ്വാനം തുടർന്ന് 36ാം വയസ്സിലും വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല’ അജിങ്ക്യ രഹാനെ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഭുവനേശ്വർ ഇടം നേടിയത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.


