ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസിക്ക് ആശംസകൾ നേർന്ന് മുൻ അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. മെസിയുടെ തലമുറയിൽ ജനിക്കാൻ സാധിച്ചത് അഭിമാനമെന്നാണ് ഡി മരിയ പറഞ്ഞത്.
‘താങ്കളുടെ തലമുറയിൽ ജനിക്കാനായതാണ് എന്റെ അഭിമാനം. താങ്കൾക്കൊപ്പം കൂറെ കാലം ഒരുമിച്ച് കളിക്കാനായത് ജീവിതത്തിലെ വലിയ സന്തോഷം. ഇന്ന് ഒരു അർജന്റീനക്കാരും കേൾക്കാനാഗ്രഹക്കാത്ത കാര്യമാണ് താങ്കൾ പറഞ്ഞത്, ഇനി ഈ കുപ്പായത്തിൽ ഇല്ലെന്ന്.
18 വർഷം ഞാനും ആ കുപ്പായത്തിലുണ്ടായിരുന്നു. താങ്കൾക്കൊപ്പം കളിക്കുകയെന്നതായിരുന്നു എന്റെ സന്തോഷം. നമ്മുടെ രാജ്യവും ആ കൊടിയും താങ്കൾ ലോകത്തോളം ഉയർത്തി. അതിന് സാക്ഷിയാവാൻ എന്നെ പോലുളളവർക്കായി. എന്നോട് താങ്കൾ കാണിച്ച എല്ലാ സ്നേഹത്തിനും മനംനിറഞ്ഞ നന്ദി’ ഡി മരിയ പറഞ്ഞു.
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.
രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്.


