പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പെട്ടെന്ന് പുറത്തുപോയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് ബിക്സെന്റെ ലിസാരാസു.
നടന്ന സംഭവവികാസങ്ങളിൽ പരിശീലകൻ ജോർജ് ജീസസിനും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെങ്കിലും, പ്രശ്നങ്ങൾ വഷളാക്കിയതിന്റെ പ്രധാന ഉത്തരവാദി റൊണാൾഡോ തന്നെയാണെന്ന് ലിസാരാസു നിരീക്ഷിച്ചു.
ഫ്രഞ്ച് സ്പോർട്സ് ഷോയായ ‘ടെലിഫൂട്ട്’ ലൂടെ സംസാരിക്കവേയാണ് ഫ്രഞ്ച് മുൻ താരം റൊണാൾഡോയ്ക്കെതിരെ രംഗത്തെത്തിയത്.
റൊണാൾഡോയെപ്പോലൊരു ഇതിഹാസ താരത്തിന്റെ അന്താരാഷ്ട്ര കരിയർ ഇത്തരം കറുത്ത അധ്യായങ്ങളോടെ അവസാനിക്കരുതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
41-ാം വയസ്സിൽ നിൽക്കുന്ന റൊണാൾഡോ തന്റെ പ്രായവും ശാരീരികക്ഷമതയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഫെഡറേഷനും ജോർജ് ജീസസും ക്രിസ്റ്റ്യാനോയും വലിയ തെറ്റുകളാണ് വരുത്തിയത്. റൊണാൾഡോയെപ്പോലൊരു താരം പോർച്ചുഗലിനായി എന്താണ് നൽകിയതെന്ന് ആലോചിക്കുമ്പോൾ, അദ്ദേഹത്തിന്റെ കരിയർ ഇങ്ങനെ അവസാനിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാണ്.
പ്രായമാകുമ്പോൾ, പ്രത്യേകിച്ച് നിങ്ങൾ തോൽവികൾ അറിയാത്തവനാണെന്ന പ്രതിച്ഛായ വളർത്തിയെടുത്ത റൊണാൾഡോ ആകുമ്പോൾ, തന്റെ വേഗതയും ശക്തിയും കുറഞ്ഞുവെന്ന സത്യം അംഗീകരിക്കാൻ മടിക്കും. പക്ഷേ നിർഭാഗ്യവശാൽ അതാണ് ജീവിത യാഥാർത്ഥ്യം.”ബിക്സെന്റെ ലിസാരാസു ഓ ജോഗോ വഴി പറഞ്ഞു.
അഹങ്കാരം ശക്തിയിൽ നിന്ന് ശത്രുവിലേക്ക്
റൊണാൾഡോയുടെ അഹങ്കാരമാണ് (Ego) അദ്ദേഹത്തെ എല്ലാ റെക്കോർഡുകളും തകർക്കാൻ പ്രാപ്തനാക്കിയതെന്ന് ലിസാരാസു സമ്മതിക്കുന്നു. എന്നാൽ കരിയറിന്റെ അവസാനഘട്ടത്തിൽ അതേ അഹങ്കാരം താരത്തിന് തന്നെ തിരിച്ചടിയാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“തന്റെ അഹങ്കാരം കൊണ്ടാണ് അവൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയത്. റെക്കോർഡുകളെല്ലാം ഭ്രാന്തമായി മറികടക്കാൻ അവനെ പ്രേരിപ്പിച്ചത് ആ അഹങ്കാരമാണ്.
എന്നാൽ, അത് നിങ്ങളുടെ തന്നെ ഏറ്റവും വലിയ ശത്രുവായി മാറുന്ന ഒരു ഘട്ടമുണ്ട്. മുൻപ് അതായിരുന്നു നിങ്ങളുടെ ശക്തി, പക്ഷേ ഇപ്പോൾ അത് നിങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ്. കാരണം നിങ്ങൾ ഇപ്പോൾ കരിയറിന്റെ അവസാനഘട്ടത്തിലാണ്.”
ഫെഡറേഷനും പരിശീലകനും പറ്റിയ പിഴവ്
റൊണാൾഡോയെ മാറ്റിനിർത്തുന്നതിനോ മിനിറ്റുകൾ നിയന്ത്രിക്കുന്നതിനോ മുൻപ് പരിശീലകനും ഫെഡറേഷനും താരവുമായി വ്യക്തമായ ആശയവിനിമയം നടത്തണമായിരുന്നുവെന്ന് ലിസാരാസു പറഞ്ഞു.
നോർവേയ്ക്കെതിരായ മത്സരത്തിൽ വാം-അപ്പ് ചെയ്ത ശേഷവും റൊണാൾഡോയെ കളത്തിലിറക്കാതിരുന്നത് പരിശീലകന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണ്. കൃത്യമായ ആശയവിനിമയം ഉണ്ടായിരുന്നെങ്കിൽ റൊണാൾഡോയിൽ നിന്നുള്ള ആത്മവിശ്വാസം നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാമ്പ് വിട്ട് സൗദി അറേബ്യയിലേക്ക് മടങ്ങിയ റൊണാൾഡോ, പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
\


