ഹിന്ദുക്കള്‍ ചെറുപ്പത്തിലേ വിവാഹം കഴിക്കണമെന്നും അഞ്ച് കുട്ടികളെ വീതം പെറ്റുവളര്ത്തണമെന്നും നിര്‍ദേശിച്ച് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ ഗജേന്ദ്ര സിങ് പട്ടേല്‍. മധ്യപ്രദേശിലെ ബര്‍വാനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
രാജ്യത്ത് വിവിധ സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യാ ആനുപാതികത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷവും 2011-ലെ സെന്‍സസിനു ശേഷവും ഹിന്ദുക്കളുടെ ജനസംഖ്യാ ഗ്രാഫ് താഴേക്ക് പതിച്ചപ്പോള്‍ മറ്റ് ചില സമുദായങ്ങളുടേത് വലിയ തോതില്‍ ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.
മുന്‍ തലമുറകളില്‍ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞ് അഞ്ചും ആറും അതിലധികവും കുട്ടികള്‍ ഉണ്ടാകുമായിരുന്നുവെന്ന് ഗജേന്ദ്ര സിങ് ഓര്‍മ്മിപ്പിച്ചു. 20-22 വയസ്സില്‍ വിവാഹം നടന്നിരുന്ന സ്ഥാനത്ത് ഇന്ന് 30 മുതല്‍ 37 വയസ്സു വരെ വൈകിയാണ് ആളുകള്‍ വിവാഹം കഴിക്കുന്നത്. മാത്രമല്ല, ഒരു കുട്ടി മാത്രമാണ് ഇന്നത്തെ കുടുംബങ്ങളിലുള്ളത്. വൈകിയുള്ള വിവാഹങ്ങളും ചെറിയ കുടുംബങ്ങളുമാണ് ഹിന്ദുക്കള്‍ക്കിടയില്‍ ജനനനിരക്ക് 1.9 ആയി കുറയാന്‍ കാരണമായത്. ഈ സാഹചര്യത്തിലാണ് യുവാക്കള്‍ നേരത്തെ വിവാഹം കഴിച്ച് അഞ്ച് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
നിലവില്‍ രാജ്യത്ത് ജനിക്കുന്ന നാല് കുട്ടികളില്‍ മൂന്ന് പേരും മറ്റ് സമുദായത്തില്‍ നിന്നുള്ളവരും ഒരാള്‍ മാത്രമാണ് ഹിന്ദു സമുദായത്തില്‍ നിന്നുള്ളതുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഹിന്ദു സമുദായത്തിന്റെ ജനനനിരക്ക് 1.9 ശതമാനമായി ചുരുങ്ങിയപ്പോള്‍ മറ്റ് സമുദായങ്ങളുടേത് 2.9 ശതമാനമായി ഉയര്‍ന്നതായും എം.പി ആരോപിച്ചു.


