2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഗോൾഡ് മെഡൽ സ്വന്തമാക്കി ഇന്ത്യ വീണ്ടും ചരിത്രമെഴുതി. കലാശപ്പോരിൽ പാകിസ്ഥാനെ 19 റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക് ഇന്നിംഗ്സ് 192 റൺസിൽ അവസാനിച്ചു.
ശ്രേയസ് അയ്യരുടെ തിളക്കമുള്ള ക്യാപ്റ്റൻസി നേട്ടങ്ങളിലേക്ക് ഈ ഗോൾഡ് മെഡലും ഇടം പിടിച്ചിരിക്കുകയാണ്. ടി-20 ടൂർണമെന്റിന്റെ ഫൈനലിൽ പാകിസ്ഥാനെ വീഴ്ത്തി വിജയം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് അയ്യർ. ആദ്യമായി പാകിസ്ഥാനെ ഫൈനലിൽ വീഴ്ത്തി കിരീടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയാണ്. 2007 ടി-20 ലോകകപ്പിലായിരുന്നു ധോണിയുടെ കീഴിൽ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ കിരീടം നേടിയത്.
പാകിസ്ഥാനെ വീഴ്ത്തി കിരീടം ചൂടിയ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്. 2025 ഏഷ്യ കപ്പ് ഫൈനലിലായിരുന്നു സൂര്യകുമാർ യാദവിന്റെ സംഘം പാകിസ്ഥാനെ മറികടന്ന് കിരീടം നേടിയത്. ഇപ്പോൾ അയ്യരും ഏഷ്യൻ ഗെയിംസ് ഫൈനലിൽ പാക് ടീമിനെ വീഴ്ത്തി തന്റെ പേരും ഈ ലിസ്റ്റിലേക്ക് ചേർത്തിരിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും അർധ സെഞ്ച്വറി മികവിലാണ് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്.
മത്സരത്തിൽ 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഫിനിഷറായി ഇറങ്ങി 22 പന്തിൽ 51 റൺസ് നേടിയാണ് തിലക് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ശിവം ദുബെ 27 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസും നേടി ടീമിന് മികച്ച സംഭാവനകൾ നൽകി.
ഇന്ത്യൻ ബൗളിംഗിൽ അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാനിൽ നിന്നും വിജയം പിടിച്ചെടുത്തു.
പാക് നിരയിൽ 96 റൺസ് നേടി ഹസൻ നവാസ് പൊരുതി. 5 ഫോറുകളും 7 സിക്സുകളും ആയിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
പാക് ബൗളിങ്ങിൽ അഹമ്മദ് ഡാനിയൽ, അറഫാത്ത് മിൻഹാസ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ അബ്രാർ അഹമ്മദ്, സെയ്ം അയൂബ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


