2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഗോൾഡ് മെഡൽ സ്വന്തമാക്കി ഇന്ത്യ. കലാശപ്പോരിൽ പാകിസ്ഥാനെ 19 റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക് ഇന്നിംഗ്സ് 192 റൺസിൽ അവസാനിച്ചു.
പാക് നിരയിൽ 96 റൺസ് നേടി ഹസൻ നവാസ് പൊരുതിയെങ്കിലും 19 റൺസകലെ വിജയം നഷ്ടമാവുകയായിരുന്നു. 5 ഫോറുകളും 7 സിക്സുകളും ആയിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇന്ത്യൻ ബൗളിംഗിൽ അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാനിൽ നിന്നും വിജയം പിടിച്ചെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും അർധ സെഞ്ച്വറി മികവിലാണ് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്.
മത്സരത്തിൽ 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഫിനിഷറായി ഇറങ്ങി 22 പന്തിൽ 51 റൺസ് നേടിയാണ് തിലക് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ശിവം ദുബെ 27 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസും നേടി ടീമിന് മികച്ച സംഭാവനകൾ നൽകി.
പാക് ബൗളിങ്ങിൽ അഹമ്മദ് ഡാനിയൽ, അറഫാത്ത് മിൻഹാസ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ അബ്രാർ അഹമ്മദ്, സെയ്ം അയൂബ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


