ഏഷ്യൻ ഗെയിംസ് മെൻസ് ക്രിക്കറ്റ് കലാശപ്പോരിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 212 റൺസ് വിജലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും അർധ സെഞ്ച്വറി മികവിലാണ് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്.
മത്സരത്തിൽ 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
ഇതോടെ ടി-20യിൽ പാകിസ്ഥാനെതിരെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായും അഭിഷേക് മാറി. യുവരാജ് സിംഗിന്റെ റെക്കോഡിനൊപ്പമാണ് അഭിഷേക് ഈ റെക്കോഡിൽ ഇടം നേടിയത്. 2012ലായിരുന്നു യുവരാജ് പാക് ടീമിനെതിരെ ഏഴ് സിക്സുകൾ നേടിയത്.
ഫിനിഷറായി ഇറങ്ങി 22 പന്തിൽ 51 റൺസ് നേടിയാണ് തിലക് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ശിവം ദുബെ 27 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസും നേടി ടീമിന് മികച്ച സംഭാവനകൾ നൽകി.


