കോഴിക്കോട്: മലയാള മാധ്യമ രംഗത്ത് തൊണ്ണൂറ്റിരണ്ടാണ്ടുകളുടെ പാരമ്പര്യമുള്ള ചന്ദ്രിക ആധുനിക വൽക്കരണത്തിനായി മിഷൻ 2034 പ്രഖ്യാപിച്ചു. കോഴിക്കോട്ടേ കോർപ്പറേറ്റ് ഓഫീസിൽ ചേർന്ന മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ഡയറക്ടർ ബോഡിന്റെയും ഗവേണിങ് ബോർഡ് ചെയർമാൻ, കൺവീനർമാരുടെയും യോഗത്തിലാണ് തീരുമാനം. നവംബറിൽ പ്രചാരണ കാമ്പയിൻ നടത്തും. ഇതിനായി മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാർ, എം. എൽ.എമാർ എന്നി വരുടെ സംസ്ഥാനതല യോഗവും ജില്ലാതല കൺവൻഷനുകളും ചേരും.

കോഴിക്കോട്ടെയും കണ്ണൂരിലെയും കമ്പനി ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ബഹുനില ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് ഉപയോഗപ്പെടും വിധം പ്രിൻ്റിംഗ് കോംപ്ലക്സ് സ്ഥാപിക്കും. കേരളത്തിലെ ഏഴ് എഡിഷനുകൾ നവീകരിക്കുന്നതോടൊപ്പം മെട്രോ നഗരങ്ങളായ ബെംഗളുരുവിലും ചെന്നൈയിലും ഈ വർഷം തന്നെ എഡിഷനുകൾ ആരംഭിക്കും. പ്രിന്റിംഗ് ഡിജിറ്റൽ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം പബ്ലിഷിംഗ് രംഗത്തും നൂതന പദ്ധതികൾ നടപ്പാക്കും. പ്രധാന നഗരങ്ങളിൽ ബിസിനസ് കോൺക്ലേവുകൾ സംഘടിപ്പിക്കും.

മുസ്ലിം പ്രിൻ്റിംഗ് ആൻ്റ് പബ്ലിഷിംഗ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശബ്ദമില്ലാത്തവരുടെ നാവായും സമുദായത്തിൻ്റെ ജിഹ്വയായും നൂറ്റാണ്ടോടടുക്കുന്ന ചന്ദ്രിക കാലതിന്റെ ചുവരെഴുത്തുകൾ വായിച്ച് നവീകരിക്കുമെന്നും സമൂഹത്തിൻ്റെ പ്രതീക്ഷകൾക്കൊത്ത് ഉയർത്തുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പ്രചാരണ കാമ്പയിൻ ചരിത്ര വിജയമാക്കണം. വിഷൻ 2034 സമയബന്ധിതമായി നടപ്പാക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ചന്ദ്രിക ചുമതലയുള്ള സംസ്ഥാന ഭാരവാഹി ഉമ്മർ പാണ്ടികശാല ആമുഖ പ്രസംഗം നടത്തി. ഫൈനാൻസ് ഡയറക്ടർ പി.എം.എ സമീർ റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രിക ഡയറക്ടർമാരായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മ ദ് ബഷീർ എം.പി, ഡോ.എം.കെ മുനീർ, കെ.പി.എ മജീദ്, പി.കെ.കെ ബാവ, മുഹമ്മദ് ടി ബെൻസ്, വിവിധ യൂണി റ്റുകളിലെ ഗവേണിങ് ബോർഡ് അംഗങ്ങളായ അബ്ദുറഹിമാൻ കല്ലായി, പി അബ്ദുൽ ഹമീദ്, മരക്കാർ മാരായമംഗലം, സി.എം.എ കരീം, കെ.കെ അഹമ്മദ്, മഹമൂദ് കടവത്തൂർ, ടി മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ എം.എൽ.എ, ടി.ടി ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, എം.സി ഖമറുദ്ദീൻ, എഡിറ്റർ കമാൽ വരദൂർ, ഡി.ജി.എം നജീബ് ആലുക്കൽ, എ.ഒ കെ.എം സൽമാൻ സംസാരി ച്ചു. എച്ച്.ആർ ഹെഡ് സമദ് എറാന്തല, കോഴിക്കോട് റസിഡൻ്റ് എഡിറ്റർ ലുഖ്മാൻ മമ്പാട്, റസിഡൻ്റ് മാനേജർ മുനീബ് ഹസൻ സംബന്ധിച്ചു.


