ഏഷ്യൻ ഗെയിംസ് മെൻസ് ക്രിക്കറ്റ് കലാശപ്പോരിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 212 റൺസ് വിജലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും അർധ സെഞ്ച്വറി മികവിലാണ് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്.
മത്സരത്തിൽ 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ആകാശം തൊട്ട ഏഴ് സിക്സുകളിലൂടെ ടി-20യിൽ 400 സിക്സുകൾ പൂർത്തിയാക്കാനും അഭിഷേകിന് സാധിച്ചു.
208 ടി-20 ഇന്നിംഗ്സുകളിൽ നിന്നും 405 സിക്സുകളാണ് അഭിഷേക് അടിച്ചെടുത്തത്. ടി-20യിൽ സിക്സുകൾ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. രോഹിത് ശർമ്മ (568), വിരാട് കോലി (460), സഞ്ജു സാംസൺ (430), സൂര്യകുമാർ യാദവ് (429) എന്നിവർക്ക് ശേഷമാണ് അഭിഷേക് ഈ റെക്കോഡിലേക്ക് നടന്നുകയറിയത്.
ഫിനിഷറായി ഇറങ്ങി 22 പന്തിൽ 51 റൺസ് നേടിയാണ് തിലക് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ശിവം ദുബെ 27 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസും നേടി ടീമിന് മികച്ച സംഭാവനകൾ നൽകി.
പാക് ബൗളിങ്ങിൽ അഹമ്മദ് ഡാനിയൽ, അറഫാത്ത് മിൻഹാസ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ അബ്രാർ അഹമ്മദ്, സെയ്ം അയൂബ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


