ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി സെഞ്ച്വറി നേടി തിളങ്ങി ജോൺ കാമ്പെൽ. ഗുഹാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസ് ടി-20 മോഡിലായിരുന്നു ബാറ്റ് വീശിയത്. 68 പന്തിൽ 101 റൺസ് നേടിയാണ് കാമ്പെൽ തിളങ്ങിയത്. 9 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
65 പന്തുകളിൽ സെഞ്ച്വറി പൂർത്തിയാക്കിയ താരം ഏകദിനത്തിൽ ഇന്ത്യക്കെതിരെ അതിവേഗ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. ഈ പട്ടികയിൽ ഏഴാം സ്ഥാനത്താണ് വിൻഡീസ് താരം.
ഷാഹിദ് അഫ്രീദി, റഹ്മാനുള്ള ഗുർബാസ്, ജെയിംസ് ഫോക്നർ, എ.ബി ഡിവില്ലിയേഴ്സ്, മൈക്കൽ ബ്രസ്വെൽ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് ശേഷമാണ് താരം ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
2005ൽ 45 പന്തുകളിൽ നിന്നും സെഞ്ച്വറി നേടിയ അഫ്രീദിയാണ് ഈ നേട്ടത്തിൽ ഒന്നാമതുള്ളത്. 48 പന്തിൽ നിന്നുമായിരുന്നു ഗുർബാസിന്റെ സെഞ്ച്വറി നേട്ടം. ഈ വർഷമായിരുന്നു താരത്തിന്റെ നേട്ടം.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വിൻഡീസ് ഉയർത്തിയ 295 റൺസ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടക്കുകയായിരുന്നു. കോലിക്കൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 108 പന്തിൽ 13 ഫോറുകളും ഒരു സിക്സും അടക്കം 110 റൺസാണ് ഗിൽ നേടിയത്.
ഇന്ന് വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. എന്നാൽ പരമ്പര കൈവിടാതിരിക്കാൻ വിൻഡീസിനും വിജയം അനിവാര്യമാണ്.


