കൊച്ചി: മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് പാൻ ഇന്ത്യൻ തലത്തിൽ തന്റെ പേര് അടയാളപ്പെടുത്തിയ താരമാണ് ഫഹദ് ഫാസിൽ.
മികച്ച കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രകടനങ്ങളിലൂടെയും സൗത്ത് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ ഫഹദിന്റെ ജനപ്രീതിയെക്കുറിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സിനിമാലോകത്ത് ഏറെ ശ്രദ്ധനേടുന്നു.
ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത്, എസ്.എസ്. രാജമൗലി അവതരിപ്പിച്ച്, അദ്ദേഹത്തിന്റെ മകൻ എസ്.എസ്. കാർത്തികേയ നിർമ്മിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ (Don’t Trouble the Trouble) എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയപ്പോഴാണ് രാജമൗലി ഫഹദിനെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചത്.
രാജമൗലിയുടെ വാക്കുകൾ:
“ഞാൻ ഫഹദ് ഫാസിലിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഞാൻ ഒടിടിയിലൂടെ കണ്ടിട്ടുണ്ട്. ഒന്നിനുപുറകെ ഒന്നായി ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുമായിരുന്നു.
മലയാളം സിനിമകൾ പ്രധാനമായും എലീറ്റായ, ക്ലാസ് പ്രേക്ഷകരായിരിക്കും കാണുക എന്നായിരുന്നു ഞാൻ അതുവരെ കരുതിയിരുന്നത്.
എന്നാൽ ആറേഴ് വർഷം മുൻപ് എന്റെ ഭാര്യയുടെ കസിൻ ഞങ്ങളുടെ വീട്ടിൽ വന്നു. വളരെ ചെറിയൊരു ടൗണിൽ താമസിക്കുന്ന അവർക്ക് ഏകദേശം 55 വയസ്സോളം പ്രായം കാണും. ‘നിങ്ങൾ ഫഫയുടെ സിനിമകൾ കാണാറില്ലേ?’ എന്ന് അവർ എന്നോട് ചോദിച്ചു.
അന്ന് സത്യത്തിൽ എനിക്ക് ‘ഫഫ’ ആരാണെന്ന് പോലും അറിയില്ലായിരുന്നു. ‘അതാരാണ്?’ എന്ന് ഞാൻ തിരിച്ച് ചോദിച്ചു. ‘ഫഫയെ അറിയില്ലേ, ഫഹദ് ഫാസിലാണത്’ എന്നായിരുന്നു അവരുടെ മറുപടി. അന്നാണ് ഫഹദിന്റെ സിനിമകളുടെ യഥാർത്ഥ റീച്ച് എനിക്ക് മനസ്സിലായത്.
കൊറോണ സമയത്താണ് ഫഹദിന്റെ സിനിമകൾ തെലുങ്ക് പ്രേക്ഷകരുടെ ഇടയിലേക്കും വ്യാപകമായി എത്തിയത്. അന്നുമുതൽ ഫഹദിനെ എങ്ങനെയെങ്കിലും തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു,” രാജമൗലി വ്യക്തമാക്കി.
‘കൈ എത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഫഹദ്, പിന്നീട് ശക്തമായ തിരിച്ചുവരവിലൂടെയാണ് മലയാളത്തിനപ്പുറം തെലുങ്കിലും തമിഴിലും സജീവമായത്. ‘പുഷ്പ’, ‘വിക്രം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ ഫഹദ് നായകനായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’.
ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.


