ദക്ഷിണേന്ത്യൻ സിനിമയിൽ ഒരു കാലത്ത് ഒരേ പോലെ തിളങ്ങിനിന്ന പ്രശസ്ത സഹോദരിമാരായ അംബികയും രാധയും തമ്മിലുള്ള തർക്കം ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. നടി രാധയുടെ 50 കോടി രൂപയുടെ ചെക്കുകൾ അംബിക തട്ടിയെടുത്തെന്നും സ്വത്ത് വകകളിൽ അവകാശ നിഷേധം നടത്തിയെന്നും കാണിച്ച് രാധ പൊലീസിൽ പരാതി നൽകിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി നടി അംബിക ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
“ഞങ്ങളെ പിരിച്ചത് പണം മാത്രം”
കുടുംബത്തിലെ സ്വകാര്യ പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്ന് അംബിക വ്യക്തമാക്കുന്നു. അത്രയേറെ സ്നേഹത്തോടെയും ഐക്യത്തോടെയും കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബം ഇന്ന് ഈ നിലയിലെത്താൻ കാരണം പണം മാത്രമാണെന്ന് അവർ പറഞ്ഞു.
“മനുഷ്യർക്ക് എത്ര കിട്ടിയാലും മതിയാവാത്ത ഒരേ ഒരു സാധനം പണമാണ്. ഒരേ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച്, അത്രയധികം സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളുടെ ഇടയിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം പണം മാത്രമാണ്. സിനിമയിലേക്ക് രാധ വരുന്നതും കരിയർ തുടങ്ങുന്നതുമെല്ലാം എന്റെ പിന്തുണയോടെയാണ്.
അതെല്ലാം രാധ മറന്നാലും സിനിമാലോകത്തിന് അതറിയാം,” അംബിക മാധ്യമങ്ങളോട് പറഞ്ഞു.
നിയമനടപടികളും വരുംവഴികളും
പ്രശ്നം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് അംബിക വ്യക്തമാക്കി. എന്നാൽ, തങ്ങളുടെ ‘എ.ആർ.എസ്’ പ്രോപ്പർട്ടി വിൽക്കാൻ താൻ ഒരിക്കലും സമ്മതിക്കില്ലെന്നും, പണം തട്ടിയെടുത്തു എന്ന ആരോപണം തികച്ചും വ്യാജമാണെന്നും അവർ കൂട്ടിച്ചേർത്തു.
യഥാർത്ഥത്തിൽ താനാണ് പറ്റിക്കപ്പെട്ടതെന്നും താനാണ് കേസ് കൊടുക്കേണ്ടിയിരുന്നതെന്നും എന്നാൽ അതിന് മുതിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദൈവത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും തന്നെ വിശ്വസിക്കുന്നവർ തന്നെ കൈവിടില്ലെന്നും പറഞ്ഞ അംബിക, യാതൊരു യാഥാർത്ഥ്യവുമറിയാതെ വിഷയത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു.


